ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ വ്യക്തമായ കാരണങ്ങള്‍ വേണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വൃത്തങ്ങള്‍. ആറ് മാസം മാത്രമാണ് കാലാവധിയുള്ളൂ എന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ തക്കതായ കാരണമല്ലെന്നും കമ്മീഷന് വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ എല്ലാ പാര്‍ട്ടികളും ഇതേ ആവശ്യം മുന്നോട്ടുവെച്ചാല്‍ അത് പരിശോധിക്കും. സംസ്ഥാന സര്‍ക്കാര്‍ മാത്രം ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം സ്വീകരിക്കാനാവില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വൃത്തങ്ങള്‍ അറിയിക്കുന്നു.
അതേസമയം കൊവിഡ് വ്യാപനം, മഴ തുടങ്ങിയ വിഷയങ്ങള്‍ പരിഗണിച്ച് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. നിയമപ്രകാരം സീറ്റ് ഒഴിവുവരുന്ന കാലാവധി മുതല്‍ പ്രവര്‍ത്തനത്തിന് ഒരു കൊല്ലം വരെ സമയം ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അത് പാലിക്കണം.
സംസ്ഥാന നിയമസഭയ്ക്ക് ഇനി ആറുമാസത്തെ കാലാവധിയേയുളളൂ. അതിനാല്‍ വിജയിച്ചുവരുന്ന എംഎല്‍എമാര്‍ക്ക് അടുത്ത പൊതുതിരഞ്ഞെടുപ്പിനുളള പൊതുപെരുമാറ്റച്ചട്ടം അടക്കമുളളവ നിലവില്‍ വരുന്ന ഏപ്രില്‍ മാസത്തിന് തൊട്ടുമുമ്പുവരെ മാത്രമേ പ്രവര്‍ത്തന കാലാവധി ഉണ്ടാവുകയുളളൂ.അതായത് പരമാവധി അഞ്ചുമാസം മാത്രമാണ് കാലാവധി.
കൂടാതെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു വേണം തിരഞ്ഞെടുപ്പ് നടത്താന്‍. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ 12 കോടിയിലധികം രൂപ ചെലവ് വരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാഥമിക കണക്ക്. ഇക്കാര്യങ്ങള്‍ എല്ലാം മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിയാല്‍ ഉപതെരഞ്ഞെടുപ്പും മാറ്റുന്നതിനെ അംഗീകരിക്കാമെന്നാണ് പ്രതിപക്ഷ നിലപാട്.
Discussion about this post