അഹമ്മദാബാദ്: 277 തൊഴിലാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുജറാത്തിലെ നിര്‍മ്മാണ കമ്പനിക്ക് ഒരു കോടി രൂപ പിഴ ചുമത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗുജറാത്തിലെ പ്രമുഖ നിര്‍മാണക്കമ്പനിയായ പിഎസ്പി പ്രോജക്ട്സിനാണ് പിഴ ചുമത്തിയത്. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്പറേഷന്(എഎംസി) കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചു. സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്‍സിപ്പല്‍ കോര്പറേഷന് തിങ്കളാഴ്ച നോട്ടീസയച്ചത്.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഓഗസ്റ്റ് 13 ന് പുറത്തിറക്കിയ ഉത്തരവ് ലംഘിച്ചതിന് നിര്‍മാണക്കമ്പനിയുടെ മേല്‍ ഒരു കോടി രൂപ പിഴ ചുമത്താതിരിക്കാന്‍ വ്യക്തമായ കാരണം മൂന്ന് ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.
അഹമ്മദാബാദ് ഐഐഎം, താല്ടെജില് നിര്‍മാണം നടക്കുന്ന മാള്‍ എന്നിവടങ്ങളിലെ തൊഴിലാളികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തൊഴിലാളികള്‍ തങ്ങുന്ന സ്ഥലത്ത് എഎംസി അധികൃതര്‍ നേരിട്ടെത്തി നടത്തിയ പരിശോധനയില്‍ ഇവര്‍ക്കിടയില്‍ സാമൂഹികാകലത്തിന്റെയും വ്യക്തിശുചിത്വത്തിന്റെയും അഭാവം കണ്ടെത്തിയിരുന്നു. നിര്‍മാണക്കമ്പനി കൊവിഡ് കോഡിനേറ്ററെ നിയമിച്ചിരുന്നുമില്ല. തുടര്‍ന്ന് 1,050 തൊഴിലാളികള്‍ക്ക് നടത്തിയ റാപ്പിഡ് ആന്റിജന്‍ പരിശോധനയിലാണ് 277 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Discussion about this post