പാല: രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവര്‍ തിരിച്ചു വരണമെന്നും അല്ലാത്ത പക്ഷം അയോഗ്യതയുണ്ടാകുമെന്നും ജോസ് കെ.മാണി. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് ലഭിച്ചതിന് പിന്നാലെയാണ് ജോസ് കെ.മാണിയുടെ പ്രസ്താവന.വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു ജോസ് കെ മാണിയുടെ പ്രസ്താവന.
കേരള കോണ്‍ഗ്രസ് എന്നത് ഒന്നുമാത്രമേയുള്ളൂവെന്ന് കേന്ദ്ര തിരഞ്ഞെടപ്പ് കമ്മീഷന്റെ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. രണ്ടില ചിഹ്നവും ലഭിച്ചു. അപ്പോള്‍ എല്ലാവരും ആ കുടുംബത്തില്‍ തന്നെയുണ്ടാവേണ്ടതാണ്.ചിലര്‍ തെറ്റിദ്ധരിച്ച് മറുപക്ഷത്ത് പോയിട്ടുണ്ട്, എന്നാല്‍ തങ്ങള്‍ക്ക് ആരോടും ശത്രുതയില്ല. വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.
വിധി വന്നതോടെ ജോസ് വിഭാഗം ഇല്ലാതായി.ഇനി മുതല്‍ കേരളാ കോണ്‍ഗ്രസ് എം മാത്രം ഉള്ളൂവെന്നും ജോസ് കെ മാണി പറഞ്ഞു. ചിഹ്നം അനുവദിച്ചതിലൂടെ മാണിസാറിന്റെ ആത്മവാവ് സന്തോഷിക്കുകയാണ്.എനിക്കും എന്റെ പിതാവിനുമെതിരേ വലിയ രീതിയില്‍ വ്യക്തിഹത്യ നടന്നു.എന്നാലും ആര്‍ക്കെതിരേയും പരാതിയില്ല. എല്ലാവരും തിരിച്ച് വരണമെന്നാണ് അഭ്യര്‍ഥനയെന്നും ജോസ് കെ മാണി പറഞ്ഞു.
നിയമസഭാ രേഖയില്‍ റോഷി അഗസ്റ്റിനാണ് പാര്‍ട്ടി വിപ്പ്.ആ വിപ്പ് ലംഘിച്ചവര്ക്കെതിരേ നിയമപരമായ നടപടിയുണ്ടാകും.വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.നിലവില്‍ സ്വതന്ത്രമായ നിലപാടിലാണ് പാര്‍ട്ടി.തദ്ദേശ തിരഞ്ഞെടുപ്പ് വരുന്നതിന് മുന്നേ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.
അതേസമയം പാര്‍ട്ടിയെ ഹൈജാക് ചെയ്യാനുള്ള ശ്രമിച്ചവര്‍ക്ക് കടുത്ത താക്കീതാണിതെന്ന് പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന് എംഎല്‍എ പറഞ്ഞു.പാര്‍ട്ടിയും രണ്ടില ചിഹ്നവും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തന്നെ പറഞ്ഞിരിക്കുന്നു.ഇതിന് അപ്പുറത്തേക്ക് എന്താണ് സംസാരിക്കാനുള്ളതെന്ന് റോഷി അഗസ്റ്റിന് ചോദിച്ചു.
പാര്‍ട്ടിയുടെ ചെയര്‍മാനായി ജോസ് കെ മാണി തുടരുന്ന രാഷ്ട്രീയ പശ്ചാത്തലമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.ഇതിനെ ഓണസമ്മാനമായി കാണുന്നു ജോസ് കെ മാണി വിഭാഗത്തെ സാങ്കേതികപരമായി യുഡിഎഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രണ്ടിലച്ചിഹ്നം ജോസ് കെ മാണിക്ക് നല്കാന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചത്. ജോസഫ്-ജോസ് വിഭാഗങ്ങള്‍ നല്കിയ പരാതിയിന്‍ മേലാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുത്തത്.
ചിഹ്നം ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ കമ്മീഷനില്‍ത്തന്നെ ഭിന്നാഭിപ്രായം ഉടലെടുത്തിരുന്നു.3 കമ്മീഷന് അംഗങ്ങളില്‍ ഒരാള്‍ ജോസ് കെ മാണി വിഭാഗത്തിന് ചിഹ്നം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു.രണ്ടുപേരുടെ പിന്തുണയോടെയാണ് ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നല്കാന് തീരുമാനിച്ചത്.
മൂന്നംഗ സമിതിയിലെ സുനില്‍ അറോറ,സുശീല്‍ ചന്ദ്ര എന്നിവര്‍ രണ്ടില ജോസ് കെ മാണിക്ക് നല്‍കുന്നതിനെ അനുകൂലിച്ചു. എന്നാല്‍ മൂന്നാമത്തെ അംഗം അശോക് ലവാസ ഇതിനോട് വിയോജിച്ചു. രണ്ട് പേര്‍ക്കും ചിഹ്നം നല്കാന് കഴിയില്ല എന്നായിരുന്നു അശോക് ലവാസയുടെ നിലപാട്. രണ്ട് വിഭാഗത്തെയും കേരള കോണ്‍ഗ്രസ് (എം) ആയി കണക്കാക്കാന്‍ കഴിയില്ല എന്നും ന്യൂന വിധിയില്‍ അശോക് ലവാസ ചൂണ്ടിക്കാട്ടി. ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഉള്ള വിഭാഗത്തെയാണ് കേരള കോണ്‍ഗ്രസ് (എം) എന്ന് വിളിക്കാനാകുക എന്നാണ് ഭൂരിപക്ഷ വിധി വന്നത്.
കെഎം മാണിയുടെ മരണത്തിന് പിന്നാലെയാണ് ചിഹ്നം സംബന്ധിച്ച തര്‍ക്കം കേരളാ കോണ്‍ഗ്രസില്‍ രൂക്ഷമായത്. പാലാ ഉപതെരഞ്ഞടുപ്പില്‍ രണ്ടില ചിഹ്നം ഇല്ലാതെയാണ് ജോസ് കെ മാണി വിഭാഗം മത്സരിച്ചത്. മത്സരത്തില്‍ കേരളാ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു.
Discussion about this post