ന്യൂഡല്‍ഹി: രാജ്യത്തെ പ്രഥമ വനിതാ കാര്‍ഡിയോളജിസ്റ്റും ഡല്‍ഹി ‘നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്’ (എന്‍എച്ച്ഐ) സ്ഥാപകയുമായ ഡോ.എസ് പദ്മാവതി അന്തരിച്ചു. 103 വയസായിരുന്നു. കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസത്തിലധികമായി എന്‍എച്ച്ഐയില്‍ തന്നെ ചികിത്സയിലായിരുന്നു ഡോ. പദ്മാവതി.
പനിയും ശ്വാസതടസവുമായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഉണ്ടായിരുന്ന വിഷമതകള്‍. എന്നാല്‍ പിന്നീട് ന്യുമോണിയ ബാധിക്കുകയും ഇത് രണ്ട് ശ്വാസകോശങ്ങളുടേയും പ്രവര്‍ത്തനത്തെ തകരാറിലാക്കുകയുമായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഹൃദയസ്തംഭനം മൂലം അന്ത്യം സംഭവിക്കുകയായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.
ആറര പതിറ്റാണ്ടിലേറെ ഹൃദ്രോഗ ചികിത്സാ, ഗവേഷണ മേഖലകളില്‍ സജീവമായിരുന്നു അവര്‍. രാജ്യം പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ ബഹുമതികള്‍ നല്കി ആദരിച്ചിട്ടുണ്ട്. രാജ്യത്തിനകത്ത് ‘ഗോഡ് മദര്‍ ഓഫ് കാര്‍ഡിയോളജി’ എന്നായിരുന്നു ഡോ. പദ്മാവതി അറിയപ്പെട്ടിരുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സംസ്കാരം നടത്തിയത്.
Discussion about this post