തൃശ്ശൂര്‍: ഇന്ന് ഉത്രാടം. കോവിഡ് സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങളോടെ നാടും നഗരവും ഉത്രാടപ്പാച്ചിലിന് ഒരുങ്ങി. ഓണക്കോടിയും ഓണസദ്യയും, പൂക്കളും ഓണത്തപ്പനുമൊക്കെയായി ആഘോഷത്തോടെയുള്ള ഓണം മലയാളികള്‍ക്ക് ഇന്ന് സ്വന്തം വീടുകളില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.
ഇത്തവണ സാമൂഹ്യഅകലവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് വേണം വ്യാപാര കേന്ദ്രങ്ങളിലെത്താന്‍. അതുകൊണ്ട് തന്നെ നാടും നഗരവും സാധാരണയുള്ള ഉത്രാടപാച്ചിലിന്റെ പകിട്ടിലേക്ക് ഉയരാനിടയില്ല. കോവിഡ് ആശങ്കയുള്ളതിനാല്‍ വ്യാപാര സ്ഥാപനങ്ങളില്‍ തിരക്ക് കുറവാണ്.
കടകളിലേക്ക് കുട്ടികളെയും പ്രായമായവരെയും കൊണ്ടുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓണത്തിന് കച്ചവടം പൊടിപൊടിക്കാറുള്ള പൂ വിപണിയും ഇത്തവണ കാര്യമായ ചലനമുണ്ടാക്കിയില്ല. അതുകൊണ്ടുതന്നെ കോവിഡ് മഹാമാരിയുടെ കാലത്ത് ഓണാഘോഷം മിക്കയിടങ്ങളിലും പഴമയിലേക്ക് തിരിച്ച് പോകുകയാണ്.
കുട്ടികളൊരുമിച്ച് തൊടികളില്‍ നിന്ന് നാട്ടുപൂക്കള്‍ പറിച്ചും പൂക്കളമിട്ടും വീട്ട് മുറ്റങ്ങളില്‍ ഒത്ത് കൂടിയുമൊക്കെയാണ് ഓണാഘോഷം. പ്രതിസന്ധികളെ അതിജീവിച്ച് ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞ നാളുകള്‍ക്കായുള്ള പ്രതീക്ഷയാണ് ഈ ഓണക്കാലം പകരുന്നത്.
Discussion about this post