തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 110 വയസുകാരി രോഗമുക്തയായി ആശുപത്രി വിട്ടു. രണ്ടത്താണി വാരിയത്ത് പാത്തുവാണ് കോവിഡിനെ അതിജീവിച്ച് ആശുപത്രി വിട്ടത്. ഇവര്‍ വൈറസ് ബാധിച്ച്് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
സംസ്ഥാനത്ത് കോവിഡില്‍ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഇവര്‍. കോവിഡ് പിടിയില്‍നിന്നും 110 വയസുകാരിയെ രക്ഷിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ചികിത്സയ്ക്ക് നേതൃത്വം നല്കിയ മെഡിക്കല്‍ കോളേജിലെ എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.
മകളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതയായ പാത്തുവിന് ഓഗസ്റ്റ് 18-നാണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇനി 14 ദിവസം കൂടി പാത്തു വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.
കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നിന്നും 105 വയസുകാരി അഞ്ചല്‍ സ്വദേശിനി അസ്മ ബീവി, എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും 103 വയസുകാരന് ആലുവ മാറമ്പള്ളി സ്വദേശി പരീദ് എന്നിവര്‍ അടുത്തിടെ കോവിഡ് മുക്തി നേടിയിരുന്നു.
Discussion about this post