ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആരാധനാലയങ്ങള്‍ മാത്രം അടച്ചിടുന്നതിനെ പരോക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. മാളുകള്‍, മദ്യ ഷോപ്പുകള്‍ തുടങ്ങി സാമ്പത്തിക താല്പര്യങ്ങള് ഉള്ള എല്ലാ കാര്യങ്ങള്‍ക്കും ഇളവ് അനുവദിക്കുന്നു. എന്നാല്‍ മതപരമായ കാര്യങ്ങള്‍ വരുമ്പോള്‍ കൊവിഡ് ഭീതിയേക്കുറിച്ചുള്ള സംസാരവും ആശങ്കയും എല്ലായിടത്ത് നിന്നും ഉയരും. ഇത് വിചിത്രമാണെന്ന് എന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ജെയിന് ക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുമതി തേടി നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ പരാമര്‍ശം. അതേസമയം മഹാരാഷ്ട്ര സര്‍ക്കാരിന്റെ എതിര്‍പ്പ് തളളി മുബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങള്‍ അടുത്ത മൂന്ന് രണ്ട് ദിവസം തുറക്കാന്‍ കോടതി അനുമതി നല്കി.
ഇളവ് ഗണേഷ ചതുര്‍ത്ഥി ഉള്‍പ്പെടെയുള്ള മറ്റ് മതപരമായ ആഘോഷങ്ങള്‍ക്കോ മറ്റ് ആരാധനാലയങ്ങള്‍ക്കോ ബാധകം ആകില്ലെന്ന് കോടതി വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗവ്യാപനം രൂക്ഷമാവുകയാണ്. കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഇന്നലെ മാത്രം 14492 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 64,3289 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Discussion about this post