കോഴിക്കോട്: ശക്തമായ മഴയും, മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുറ്റ്യാടി ചുരം വഴിയുള്ള രാത്രിയാത്ര നിരോധിച്ചു. രാത്രി 7 മുതല്‍ രാവിലെ ആറ് വരെയുള്ള യാത്രയാണ് നിരോധിച്ചത്. അടിയന്തര പ്രധാന്യമുള്ള യാത്രകള്‍ അനുവദിക്കും. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് ഉത്തരവ്.
മലയോര പ്രദേശങ്ങളില്‍ കൂടെയുള്ള രാത്രി യാത്ര പൊതുജനങ്ങള്‍ ഒഴിവാക്കേണ്ടതാണെന്ന് കോഴിക്കോട് ജില്ല കളക്ടര്‍ അറിയിച്ചു. അതേസമയം നാളെ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ ഈ ജില്ലകളില്‍ മഴ കനക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്.
തിരുവനന്തപുരം കൊല്ലം ജില്ലകള്‍ ഒഴിച്ച് മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തൃശൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നാളെ എന്‍ഡിആര്‍എഫിനെ വിന്യസിക്കും. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. നിരവധി ഇടങ്ങള്‍ വെള്ളത്തിന് അടിയിലായി.
Discussion about this post