മൊബൈലിലും ഇന്റര്‍നെറ്റിലും എ ടു ഇസഡ് പഠിക്കുന്ന പുതുതലമുറയുടെ കാലത്ത് മഴ നനഞ്ഞും മണ്ണപ്പം ചുട്ടും, ചെളിയില്‍ കളിച്ചും തയ്യില്‍ വീടിന്റെ മുറ്റത്ത് ഓടിച്ചാടി കളിക്കുകയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിന്റെ മക്കള്‍. മണ്ണിനേയും മഴയേയും പ്രണയിച്ച് ഓടിച്ചാടി നടന്നിരുന്ന ആ ബാല്യകാലം തന്റെ ഉമ്മിണിത്തങ്കയ്ക്കും ഉമ്മു കൊല്സുവിനും പകര്‍ന്നു നല്‍കുകയാണ് സാന്ദ്ര എന്ന അമ്മ.
സാന്ദ്ര തോമസിന്റെ ഇരട്ടക്കണ്മണികളാണ് രണ്ടു വയസാകുന്ന കേറ്റ്ലിന് സാന്ദ്ര വില്‍സണും, കെന്റല്‍ സാന്ദ്രാ വില്‍സണും. കേറ്റ്ലിനെ വിളിക്കുന്നത് ഉമ്മിണിത്തങ്കയെന്നും, കെന്റലിനെ വിളിക്കുന്നത് ഉമ്മുക്കുല്സുവെന്നുമാണ്. ഉമ്മു കുല്സുവെന്ന പേര് പണ്ടേ ഇഷ്ടമാണ്. ഉമ്മിണിത്തങ്കയെന്ന പേരിന്റെ ക്രെഡിറ്റ് കഥകളിലെ എട്ടുവീട്ടില്‍ പിള്ളമാരുടെ പെങ്ങളായ ഉമ്മിണിത്തങ്കയ്ക്കാണെന്ന് സാന്ദ്ര പറയുന്നു.
രണ്ടു പേരും വന്ന ശേഷം വീട്ടില്‍ എപ്പോഴും ബഹളമാണ്. രണ്ടു പേരുടെയും പിന്നാലെ ഓടി, അവര്‍ക്കൊപ്പം കൂട്ടുകൂടി നടക്കുന്നതാണ് ജീവിതത്തിലെ എന്റെ പുതിയ റോള്‍. മൊബൈലും ടിവിയും കാര്‍ട്ടൂണും അവരെ സ്വാധീനിക്കരുതെന്ന് എനിക്കും വില്‍സണും നിര്‍ബന്ധമുണ്ടായിരുന്നുവെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.
നടക്കാന്‍ പഠിച്ചകാലം തൊട്ടേഇരുവരേയും മുറ്റത്തിക്കിറക്കി. മണ്ണില്‍ കളിപ്പിച്ചു. ചെടിയും പൂക്കളും മഴയും മരങ്ങളും കാറ്റും എന്തെന്ന് അറിഞ്ഞ് അവര്‍ വളര്‍ന്നു. തേന്‍ കുടിക്കാന്‍ വരുന്ന പൂമ്പാറ്റയേയും തേനീച്ചയേയും അട്ടയേയും എല്ലാം കണ്ടു പഠിച്ചു. ചൊറിയണത്തില്‍ തൊട്ടാല്‍ ഉവ്വാവു വരുമെന്നും, തൊട്ടാവാടിയെ തൊട്ടാല്‍ പിണങ്ങുമെന്നും അവര്‍ക്കറിയാം.
മഴ മാനത്തു കണ്ടാല്‍ തന്നെ തുള്ളിച്ചാട്ടമാണ്. രണ്ടു പേരും മുറ്റത്തേക്കോടും, മഴനനയും, ചെളിയില്‍ നൃത്തം വയ്ക്കും. അങ്ങനെയൊക്കെ വളര്‍ത്തിയതു കൊണ്ടാകാം മഴയുടേയോ കാറ്റിന്റെയോപേരില് ഒരു ജലദോഷ പനി പോലും അവര്‍ക്ക് വന്നിട്ടില്ല. പിന്നെ മഴയിലും ചെളിയിലും കളിച്ചു മറിഞ്ഞ് എത്തുമ്പോള്‍ എന്റെ പണി കൂടുമെന്നു മാത്രം സാന്ദ്ര പറയുന്നു.
മനോഹരമായ ബാല്യകാലത്തിന്റെ ഓര്‍മകള്‍ അച്ഛന്മാരും അമ്മമാരും അയവിറക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ സ്വന്തം മക്കള്‍ക്ക് ആ നിഷ്ക്കളങ്ക ബാല്യം തിരികെ നല്‍കാറുണ്ടോ എന്ന് ചോദിച്ചാല്‍ പലരും കൈമലര്‍ത്തും. മകന് യൂട്യൂബ് ചാനലുണ്ടെന്നും, മകള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് ഉണ്ട് എന്നും അഭിമാനത്തോടെ പറയും പലരുമെന്നും സാന്ദ്ര ചൂണ്ടിക്കാട്ടി.
പക്ഷേ അവര്‍ പ്രകൃതിയെ അറിഞ്ഞിട്ടുണ്ടോ ഈ മനോഹരമായ ലോകം കണ്ടിട്ടുണ്ടോ എന്ന ചോദിച്ചാല്‍ ആര്‍ക്കും മറുപടിയില്ല. ന്യൂജനറേഷന്, എന്ന ടാഗ് നല്കി, എന്തായാലും എന്റെ കുഞ്ഞുങ്ങളെ ഈ സൗഭാഗ്യങ്ങളില്‍ നിന്നും അന്യമാക്കി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന സ്വാര്‍ത്ഥയായ അമ്മയല്ല ഞാന്‍. മനോഹരമായ ബാല്യകാലം എനിക്ക് എന്റെ അച്ഛനും അമ്മയും നല്‍കിയിട്ടുണ്ടെന്നും ഞാന്‍ അതവര്‍ക്ക് തിരികെ നല്കുന്നു. അത്രമാത്രമെന്നും സാന്ദ്ര പറയുന്നു.
Discussion about this post