ഭോപ്പാല്‍: രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവിനെ തോളിലേറ്റി നടുറോഡിലൂടെ ഭാര്യയെ നടത്തിച്ച് വിചിത്രമായ ശിക്ഷാ നടപടി. ഭര്‍ത്താവിനെ തോളിലേറ്റി റോഡിലൂടെ നടത്തിച്ചതിനൊപ്പം മര്‍ദ്ദിക്കുകയും ചെയ്താണ് ഗ്രാമവാസികള്‍ വിചിത്ര ശിക്ഷാ നടപടി കൈകൊണ്ടത്. മധ്യപ്രദേശിലെ ജബുവ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം.
യുവതി ഭര്‍ത്താവിനെ തോളിലേറ്റി നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. നാട്ടുകാര്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. യുവതി ഭര്‍ത്താവിനെ ചുമലിലേറ്റി നടക്കുന്നതും നാട്ടുകാര്‍ ബഹളംവെയ്ക്കുന്നതും നടത്തം നിര്‍ത്തിയാല്‍ വടി കൊണ്ട് മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ക്രൂരമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നിട്ടും ആരും യുവതിയെ രക്ഷിക്കാനെത്തിയില്ലെന്നും എല്ലാവരും മൊബൈലില്‍ വീഡിയോ പകര്‍ത്തിയെന്നുമാണ് ലഭിക്കുന്ന വിവരം. സംഭവം വിവാദമായതോടെ യുവതിയുടെ ഭര്‍ത്താവടക്കം ഏഴ് പേര്‍ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയും ഭര്‍ത്താവും ഗുജറാത്തിലെ കൂലിപ്പണിക്കാരായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ നാട്ടില്‍ വന്നതിന് പിന്നാലെ ഒപ്പം ജോലിചെയ്യുന്ന മറ്റൊരാളുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് ഭര്‍ത്താവ് കുടുംബാംഗങ്ങളോടും നാട്ടുകാരോടും പരാതി പറഞ്ഞു. ഇതോടെയാണ് നാട്ടുകാരും കുടുംബവും യുവതിയെ വിചിത്രമായി ശിക്ഷിച്ചത്.
Discussion about this post