കണ്ണൂർ: ഇന്ന് മാത്രം നാല് കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആശങ്കകയേറുന്നു. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്നത് സമൂഹവ്യാപന ഭീതിയും ഉയർത്തുന്നുണ്ട്. കൊവിഡ് ബാധിച്ച് കണ്ണൂരിൽ ഒരാൾ കൂടി മരിച്ചതോടെയാണ് സംസ്ഥാനത്ത് ഇന്നുമാത്രം നാല് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കണ്ണൂർ വിളക്കോട്ടൂർ സ്വദേശി സദാനന്ദനാണ് മരിച്ചത്. ഇന്നലെ മരിച്ച ഒരാൾക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചതിന് പുറമെ മൂന്ന് പേർ കൊവിഡ് ബാധിച്ച് ഇന്ന് മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി.
വിളക്കാട്ടോർ സ്വദേശി സദാനന്ദനെ ഹൃദയസംബന്ധമായ രോഗത്തിനാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നത്. ചില ശസ്ത്രക്രിയകളും നടത്തി. കാൻസർ ചികിത്സയും സദാനന്ദന് നടത്തുന്നുണ്ട്. ഇതിനിടയിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന് 10.30 ഓടെ സദാനന്ദൻ മരിക്കുകയായിരുന്നു.
കാസർകോട് ഇന്ന് പുലർച്ചെ പച്ചക്കാട് സ്വദേശി ഹൈറുന്നീസ (48) മരിച്ചിരുന്നു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. കടുത്ത ന്യൂമോണിയയെ തുടർന്നുള്ള ചികിത്സക്കിടെയാണ് കൊവിഡ് കണ്ടെത്തിയത്. കോഴിക്കോട് കല്ലായി സ്വദേശി കോയ (56) എന്നയാളും ഇന്ന് രാവിലെ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ മരിച്ച കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി റെയ്ഹാനത്ത് (55) നാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണ് മരിച്ച റെയ്ഹാനത്തിന് സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.
Discussion about this post