സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ നടി അഹാന കൃഷ്ണ ചെയ്ത ഒരു വീഡിയോയാണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച വിഷയം. ഒരു മൊബൈല്‍ ഫോണും നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ എല്ലാവരെയും മോശം വാക്കുകള്‍ കൊണ്ട് ആക്രമിക്കാമെന്ന് വിചാരിക്കരുതെന്നും നിങ്ങള്‍ സ്വയം നാണമില്ലാത്തവരായി മാറുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അഹാന പറഞ്ഞു.
ഒരു പ്രമുഖ മാധ്യമത്തിനോടാണ് വീഡിയോയെ കുറിച്ച് അഹാന മനസ്സുതുറന്നത്. പെട്ടെന്നുണ്ടായ ഒരു തോന്നലാണ് ആ വിഡിയോ. രണ്ടാഴ്ചമുമ്പ് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്റ്റാറ്റസ് ഇട്ടിരുന്നു. അത് ഞാന്‍ മനസില്‍ പോലും വിചാരിക്കാത്ത തരത്തില്‍ വളച്ചൊടിക്കപ്പെട്ടു.
ഞാന്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിന് ഇങ്ങനെയുമൊക്കെ അര്‍ത്ഥമുണ്ടോ എന്ന് ഇവരുടെ കമന്റൊക്കെ വായിച്ചപ്പോള്‍ തോന്നിപ്പോയി. ഞാനിതല്ല ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ ഒരു ചെറിയ കുറിപ്പിട്ടു. പക്ഷേ വലിയ കാര്യമൊന്നുമില്ല, നമ്മള് പറയുന്നതൊന്നും അവര്‍ മനസിലാക്കില്ല എന്ന് തോന്നിയപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു. ഞാന്‍ ഇതൊന്നും കാര്യമാക്കാറില്ല. ഫോണ്‍ ഓഫ് ചെയ്ത് വച്ച് ടിവി കണ്ടു അന്ന് എന്ന് അഹാന പറഞ്ഞു.
ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് മനസ്സ് പറഞ്ഞു. ഇതേപ്പറ്റി അമ്മയോട് പറഞ്ഞിരുന്നു. അമ്മയ്ക്ക് പേടി, വിവാദമാകുമോ എന്ന്. പിന്നീട് അമ്മയെ കാണിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നെയും പേടി ആരെങ്കിലും എന്തെങ്കിലും പറയുമോ എന്ന്. ,ഈ വിഡിയോ കണ്ട് മോശം പറയുന്നവര്‍ സൈബര്‍ ഗുണ്ടകള്‍ മാത്രമായിരിക്കുമെന്ന് ഞാന്‍ പറഞ്ഞു.
ഒരുലക്ഷം ലൈക്ക് കിട്ടിയപ്പോള്‍ രണ്ടായിരം ഡിസ് ലൈക്ക് കിട്ടിയതിനെ ഞാന്‍ മൈന്‍ഡ് ചെയ്യുന്നില്ല. വിഡിയോ റിലീസ് ചെയ്തതതിന് ശേഷമാണ് അച്ഛന് അത് കണ്ടത്. ഒരുപാട് ഇഷ്ടപ്പെട്ടു. പൊളി സാധനം എന്നാണ് അച്ഛന് തന്നോട് പറഞ്ഞതെന്നും അഹാന കൂട്ടിച്ചേര്‍ത്തു.
‘ഞാനും അനുഭവിച്ചിട്ടുണ്ട് ഈ സൈബര്‍ ആക്രമണം. അന്ന് എനിക്ക് നേരെ ഈ തെറി വിളി ഉണ്ടായപ്പോള്‍ ഞങ്ങളെല്ലാം വീട്ടിലിരുന്ന് കരയുകയല്ല ചെയ്തത്. അതൊക്കെ എഴുതിയവരെ ഓര്‍ത്ത് സഹതപിക്കുകയായിരുന്നു. ഇതൊരു അസുഖമാണെങ്കില്‍, അല്ലെങ്കില്‍ ഈ സൈബര്‍ ആക്രമണം നടത്തുന്ന ആളുകളെ കോമാളികളെപ്പോലെ നമ്മള് കണ്ടാല്‍ അതാകും നല്ലത്.
കുറേ വിവരമില്ലാത്ത ആളുകള്‍ എന്തൊക്കെയോ പിച്ചും പെയ്യും പറയുന്നു. അത് അവരുടെ പ്രശ്നമാണ്. അല്ലാതെ നമ്മുടെ പ്രശ്നമല്ല. ഇവര്‍ പറയുന്നത് ഓര്‍ത്ത് വിഷമിച്ചിരുന്നാല്‍ നമ്മുടെ അവസ്ഥ വളരെ മോശമായിരിക്കും.’- എന്ന് അഹാന വ്യക്തമാക്കി.
Discussion about this post