കൊച്ചി: അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് സഹായിക്കാനെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ കണ്ണൂര്‍ സ്വദേശിനി വര്‍ഷയെ ഭീഷണിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫിറോസ് കുന്നംപറമ്പിലിനും സാജന് കേച്ചേരിക്കുമെതിരെ പോലീസ് കേസെടുത്തു.
പ്രശ്നത്തില്‍ ഒത്തുതീര്‍പ്പിലെത്താമെന്ന് ഫിറോസ് കുന്നംപറമ്പില്‍ വര്‍ഷയെ വിളിച്ചു പറഞ്ഞു. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ഫിറോസ് പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. ഓപ്പറേഷനും മറ്റു ചികിത്സയ്ക്കും വീട് പണിയാനുമെല്ലാമായി 80 ലക്ഷം വര്‍ഷയ്ക്ക് മാറ്റിവെക്കാമെന്നും ബാക്കി തുക സഹായത്തിനായി കൊടുക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
സോഷ്യല്‍ മീഡിയയിലൂടെ സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന തൃശ്ശൂര്‍ സ്വദേശി സാജന് കേച്ചേരി വര്‍ഷയില്‍നിന്ന് പണം ആവശ്യപ്പെട്ടത് ഫിറോസ് ന്യായീകരിക്കുകയാണ്. സാജന് ചെയ്ത വീഡിയോ താനടക്കം ഷെയര്‍ ചെയ്തതുകൊണ്ടാണ് ഇത്രവലിയ തുക അക്കൗണ്ടിലേക്കു വന്നതെന്നാണ് ഫിറോസ് പറയുന്നത്.
തങ്ങള്‍ കാരണമാണ് കോടികള്‍ വര്‍ഷയുടെ അക്കൗണ്ടിലെത്തിയതെന്നും തങ്ങളെ വിശ്വസിച്ചാണ് ജനങ്ങള്‍ പണം നല്കുന്നതെന്നുമാണ് ഫിറോസിന്റെ അവകാശവാദം. വര്‍ഷയുടെ അമ്മയുടെ ചികിത്സയ്ക്കായി 18 ലക്ഷം രൂപയോളമാണ് ആവശ്യം വരുന്നത്. ഇതെല്ലാം കഴിഞ്ഞ് ബാക്കി വരുന്ന തുക മറ്റുള്ളവരുടെ ചികിത്സയ്ക്കായി നല്‍കണമെന്ന് ഫിറോസ് പറയുന്നു.
ചികിത്സയ്ക്ക് വര്‍ഷ പണം നല്‍കുമെന്ന പ്രതീക്ഷയില്‍ വര്‍ഷയുടെ പേരില്‍ സ്വകാര്യ ആശുപത്രിയില്‍ ഒരാള്‍ ചികിത്സയ്ക്കായി അഡ്മിറ്റായി എന്നും ഫിറോസ് പറയുന്നുണ്ട്. അതേസമയം, തന്റെപേരില്‍ ആരും ആശുപത്രിയില്‍ അഡ്മിറ്റായിട്ടില്ലെന്നാണ് വര്‍ഷ പറയുന്നത്.
അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയയക്ക് കൈയ്യില്‍ പണമില്ലാതെ വന്നതോടെയാണ് കേരളത്തിന് മുന്നില്‍ സഹായമഭ്യര്‍ത്ഥിച്ച് വര്‍ഷ പൊട്ടിക്കരഞ്ഞത്. സാജന് കേച്ചേരിയാണ് വര്‍ഷയ്ക്ക് സഹായവുമായി എത്തിയത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
ഇതിന് പിന്നാലെ കോടികളാണ് വര്‍ഷയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത്. പ്രതീക്ഷിച്ചതിലുമപ്പുറം പണം അക്കൗണ്ടിലെത്തിയതിന് പിന്നാലെ സഹായിക്കാനെത്തിയവര്‍ തന്നെ പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുന്നതായി വര്‍ഷ പിന്നീട് സോഷ്യല്‍മീഡിയയിലൂടെ തുറന്നുപറഞ്ഞിരുന്നു.
സംഭവത്തില്‍ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. വര്‍ഷയില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഫിറോസിനും സാജനുമെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക് 60 ലക്ഷം രൂപ വിദേശത്തുള്ള ചാരിറ്റി സംഘടന ഒറ്റത്തവണയായി നിക്ഷേപിച്ചതായാണ് വിവരം.
Discussion about this post