തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസില്‍ പരാതിയുമായി വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹത്തിന് എടുത്ത കുടുംബ ചിത്രത്തില്‍ നിന്ന് മന്ത്രിയുടെ ഭാര്യയുടെ ചിത്രം വെട്ടിമാറ്റി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ ചിത്രം ഒട്ടിച്ച് വ്യാപകമായി പ്രചരിച്ച സംഭവത്തിലാണ് മന്ത്രി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടിജി സുനില്‍, കോണ്‍ഗ്രസ്സ് നേതാവ് ദീപ്തി മേരി വര്‍ഗീസ്, ബിജു കല്ലട, രഗുനാഥ് മേനോന്, മനോജ് പൊന്‍കുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ എന്നിവര്‍ക്കെതിരെയാണ് മന്ത്രി ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്ക്കും ടിജി സുനിലിനും എട്ടിന്റെ പണിയാണ് കിട്ടുക. ഇതിനു പുറമെ, ചിത്രം ഷെയര്‍ ചെയ്തവരും പ്രചരിച്ചവരും കുടുങ്ങുമെന്നതില്‍ സംശയമില്ല.
നേരത്തെ ബിന്ദു കൃഷ്ണയ്ക്കും ടിജി സുനിലിനുമെതിരെ ഡിവൈഎഫ്ഐ പോലീസില്‍ പരാതി നല്‍കിയിരുന്നു. മന്ത്രി കൂടി സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയതോടെ ഇരുവര്‍ക്കും എട്ടിന്റെ പണി തന്നെ ലഭിക്കുമെന്നാണ് വിവരം. വിവാഹ ഫോട്ടോയില്‍ ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയുടെ ചിത്രം കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് മാറ്റിക്കൊണ്ട് സ്വണ്ണക്കള്ളക്കടത്ത് പ്രതിയായ സ്വപ്ന സുരേഷ് എന്നിവരുടെ ഫോട്ടോ ചേര്‍ത്തുകൊണ്ട് വ്യാപകമായി ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും പ്രചരിപ്പിക്കുകയായിരുന്നു.
തന്നെയും മുഖ്യമന്ത്രിയേയും കരുതിക്കൂട്ടി അപമാനിക്കാനും സമൂഹത്തിലുള്ള മാന്യതയും സ്വീകാര്യതയും ഇല്ലാതാക്കാനും വേണ്ടിയാണ് വ്യാജ ഫോട്ടോ പ്രചരിപ്പിച്ചതെന്നും മന്ത്രി പരാതിയില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷ നിയമം 465, 469 വകുപ്പുകള്‍ പ്രകാരവും ഐടി ആക്ട്, കേരളാ പോലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണിത്. കൃത്രിമമായി ഉണ്ടാക്കിയ ഫോട്ടോ ഉള്ള ഫേസ്ബുക്ക് അക്കൗണ്ടുകളുടെ സ്ക്രീന്‍ഷോട്ടുകളും പരാതിക്കൊപ്പം വെച്ചിട്ടുണ്ട്.
Discussion about this post