ഭോപ്പാല്‍: ദിവസവും 24 കിലോമീറ്ററുകളോളം സൈക്കിള്‍ ചവിട്ടി കഷ്ടപ്പെട്ട് വിദ്യാലയത്തിലെത്തിക്കൊണ്ടിരുന്ന കര്‍ഷകന്റെ മകള്‍ക്ക് പത്താംക്ലാസ് പരീക്ഷയില്‍ മിന്നും വിജയം. മധ്യപ്രദേശിലെ റോഷാനി ഭഡോരിയ എന്ന പെണ്‍കുട്ടിയാണ് 98.7 ശതമാനത്തോളം മാര്‍ക്ക് നേടി നാടിനൊന്നടങ്കം മാതൃകയായി മാറിയത്.
ചമ്പല്‍ മേഖലയിലെ ഭിന്ദ് ജില്ലയിലുള്ള അജ്നോല്‍ ഗ്രാമത്തിലാണ് റോഷാനിയും കുടുംബവും താമസിക്കുന്നത്. ഭഡോരിയ എന്ന കര്‍ഷകന്റെ മൂന്ന് മക്കളില്‍ ഒരാളാണ് റോഷാനി. എട്ടാം ക്ലാസ് വരെ മകള്‍ ബസ് സൗകര്യമുള്ള മറ്റൊരു സ്കൂളില്‍ പഠിച്ചിരുന്നുവെന്ന് പുരുഷോത്തം ഭഡോരിയ പറയുന്നു.
പിന്നീട് അജ്നോലില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള മെഹ്ഗാവിലെ ഒരു സര്‍ക്കാര്‍ സ്കൂളിലേക്ക് മാറി, അവിടെ ഗതാഗത സൗകര്യം ലഭ്യമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. രണ്ട് വര്‍ഷം മുമ്പാണ് റോഹാനി മെഹ്ഗാവ്സ് ഗവണ്മെന്റ് ഗേള്‍സ് സ്കൂളിലെ ഒന്‍പതാം ക്ലാസ്സില്‍ ചേര്‍ന്നത്.
ഇവിടെയും ആവശ്യമായ ഗതാഗത സൗകര്യം ഇല്ലാത്തതിനാല്‍ നിരവധി ദിവസങ്ങളില്‍ സ്കൂളില്‍ എത്താന്‍ റോഷാനിക്ക് സൈക്കിള്‍ ചവിട്ടേണ്ടി വന്നു. സമയം കിട്ടുമ്പോള്‍ എല്ലാം താനും മകളെ സ്കൂളില്‍ കൊണ്ടുചെന്നുവിടാറുണ്ടെന്നും പുരുഷോത്തം പറയുന്നു.
പഠിക്കാന്‍ മിടുക്കിയാണ് മകളെന്നും അവളുടെ വിജയത്തില്‍ അഭിമാനിക്കുന്നുവെന്നും പുരുഷോത്തം സന്തോഷം നിറഞ്ഞ വാക്കുകളോടെ പറയുന്നു. കഷ്ടപ്പെട്ടിട്ടാണെങ്കിലും മകളുടെ തുടര്‍ പഠനത്തിന് ആവശ്യമായ ഗതാഗത സൗകര്യം ഒരുക്കുമെന്നും പുരുഷോത്തം കൂട്ടിച്ചേര്‍ത്തു.
‘സൈക്കിളില്‍ സ്കൂളില്‍ പോകുന്നത് ബുദ്ധിമുട്ടായിരുന്നു. സ്കൂളില്‍ എത്താനായി ഞാന്‍ വര്‍ഷത്തില്‍ 60 മുതല്‍ 70 ദിവസം വരെ സൈക്കിള്‍ ചവിട്ടി. സമയം കിട്ടുമ്പോഴെല്ലാം അച്ഛന് എന്നെ മോട്ടോര്‍ സൈക്കിളില്‍ കൊണ്ടുപോകും. വീട്ടില്‍ തിരിച്ചെത്തിയ ശേഷം എല്ലാ ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ പഠിക്കും. ഒരു ഐഎഎസ് ഉദ്യോഗസ്ഥ ആകുകയാണ് എന്റെ ലക്ഷ്യം’ റോഷാനി പറഞ്ഞു. ഉയര്‍ന്ന മാര്‍ക്ക് സ്വന്തമാക്കിയ റോഷാനിയെ നിരവധി പേരാണ് അഭിനന്ദിച്ചത്.
Discussion about this post