കൊച്ചി: വിധിയോട് പൊരുതി ജീവിതത്തിലേയ്ക്ക് വീണ്ടും തിരിച്ചെത്തിയ അങ്കമാലിയിലെ നവജാത ശിശു പൂര്‍ണ്ണ ആരോഗ്യവതിയായി ആശുപത്രി വിട്ടു. ആരോഗ്യനില പൂര്‍ണ്ണമായും ഭേദപ്പെട്ടതായി ഡോക്ടര്‍മാരും അറിയിച്ചു. അച്ഛന്റെ ഉപദ്രവത്തില്‍ സാരമായി പരിക്കേറ്റ കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയായ ശേഷമാണ് ആശുപത്രി വിടുന്നത്.
എന്നാല്‍ രോഗം ഭേദമായ കുട്ടിയെ വീട്ടിലേയ്ക്ക് അല്ല അയക്കുന്നത്, മറിച്ച് അമ്മയെയും കുഞ്ഞിനെയും പുല്ലുവഴിയിലെ സ്നേഹജ്യോതി ശിശുഭവനിലേക്കാണ് മാറ്റാന്‍ ആണ് തീരുമാനം. നേപ്പാളിലേക്ക് മടങ്ങുന്നതുവരെ അമ്മയും കുഞ്ഞും സര്‍ക്കാര്‍ സംരക്ഷണത്തിലാകും താമസിപ്പിക്കുക. 20 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് കുഞ്ഞിന്റെ ആരോഗ്യ നില വീണ്ടെടുക്കാനായത്. ശസ്ത്രക്രിയക്ക് ശേഷം തലയിലിട്ടിരുന്ന തുന്നല്‍ മാറ്റിയിരുന്നു.
ഓക്സിജന്‍ സപ്പോര്‍ട്ടും നീക്കം ചെയ്തു. ദഹന പ്രക്രിയ സാധാരണനിലയിലായെന്നും കുഞ്ഞ് തനിയെ മുലപ്പാല്‍ കുടിക്കുന്നുമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അമ്മയും കുഞ്ഞും നേപ്പാളിലേക്ക് മടങ്ങുന്നതുള്‍പ്പെടെയുള്ള മുഴുവന്‍ ചെലവും വനിതാ ശിശുക്ഷേമ സമിതി വഹിക്കും.
Discussion about this post