മലപ്പുറം: മലപ്പുറത്ത് പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ജൂലായ് 6 വരെയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതും, ഉറവിടമറിയാത്ത കേസുകള്‍ ദിനം പ്രതി കൂടുതന്നതും കണക്കിലെടുത്താണ് തീരുമാനം.
പൊന്നാനി താലൂക്ക് ആകെ കണ്ടെയ്ന്മെന്റ് സോണാക്കും. 9 പഞ്ചായത്തുകളും കണ്ടെയ്ന്മെന്റ് സോണാക്കാനാണ് ശുപാര്‍ശ. താലൂക്കിലെ 1500 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തും. ആവശ്യമെങ്കില്‍ പരിശോധന വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രികളുടെയും സഹായം തേടാനാണ് തീരുമാനം.
വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നാണ് സ്രവ പരിശോധന നടത്തുന്നത്. കൊവിഡ് ബാധിതരുമായി പ്രൈമറി, സെക്കന്‍ഡറി സമ്പര്‍ക്കമുണ്ടായി 14 ദിവസം പൂര്‍ത്തിയാകാത്ത 500 പേര്, ആശാവര്‍ക്കര്‍മാര്‍, കൊവിഡ് വളണ്ടിയര്‍മാര്‍, പൊലീസ്, കച്ചവടക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന 500 പേര്, ഇതിന് പുറമെ 60 വയസിന് മുകളില്‍ പ്രായമുള്ള 250 പേര്, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ 250 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സ്രവ പരിശോധനയാണ് ഇന്ന് നടത്തുക.
സമൂഹ വ്യാപനമറിയുന്നതിനായി നടത്തിയ സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയില്‍ മലപ്പുറം എടപ്പാളില്‍ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്നു നഴ്സുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിലെ രോഗികളടക്കം നിരവധി പേരുമായി സമ്പര്‍ക്കമുള്ളവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളുടെ സ്രവം പരിശോധനക്ക് അയച്ചു. ആശുപത്രിയിലേക്ക് രോഗികളും പൊതുജനങ്ങളും പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്തിരുന്ന രണ്ട് ആശുപത്രികളില്‍ നിന്നായി ഇരുപത്തി ഒന്നായിരം പേരുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിരുന്നു. നിലവില്‍ സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചിട്ടില്ലങ്കിലും ജില്ലയില്‍ രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ആളുകള്‍ അനാവശ്യമായി പുറത്ത് ഇറങ്ങുന്നതും, കൂട്ടം കൂടന്നതും ഒഴിവാക്കാനും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്, കണ്ടയ്ന്മെന്റ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്തു.
Discussion about this post