കോട്ടയം: കൊറോണ ഭീതിയില്‍ വിദേശത്തുനിന്നെത്തുന്ന പ്രവാസികളെ പല സ്ഥലത്തും ആളുകള്‍ തടയുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പലപ്പോഴായും വന്നിട്ടുണ്ട്. പ്രവാസികളെ ഒറ്റപ്പെടുത്തുന്ന അവസ്ഥകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന പ്രവാസികളെ ചേര്‍ത്തുപിടിച്ച് മാതൃകയാവുകയാണ് പുതുപ്പള്ളിയിലെ ആറാട്ടുചിറ പൗരസമിതി.
‘നിങ്ങളുടെ നാട്ടിലേക്കാണ് നിങ്ങള്‍ വരുന്നത്, പ്രതിരോധ നടപടികളുമായി സഹകരിക്കുക. നാടിന്റെ വികസനത്തിന് നിങ്ങള്‍ നല്കിയ സംഭാവന ചെറുതല്ല. കരുതലോടെ സംരക്ഷിക്കാം ഞങ്ങള്‍’. പ്രവാസികള്‍ക്ക് സ്വാഗതം പറഞ്ഞ് ആറാട്ടുചിറ കവലയില്‍ സ്ഥാപിച്ച ഫ്ലെക്സിലെ വാചകങ്ങളാണ് ഇത്.
‘നാടും വീടും വിട്ട് സ്വന്തം വീട്ടുകാര്‍ക്ക് വേണ്ടിയും, ഒരു പരിധി വരെ നാടിന്റെ നന്മയ്ക്കു വേണ്ടിയും പുറംനാടുകളില്‍ പണിചെയ്യുന്നവര്‍ അവസ്ഥ മോശമായതു കൊണ്ട് സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും വരുമ്പോള്‍ പുറംതിരിഞ്ഞു നില്ക്കുന്ന നാട്ടുകാര്‍ക്കുള്ള മറുപടിയാണ് ഇതെന്ന് പൗരസമിതി അധികൃതര്‍ പറയുന്നു.
ഞങ്ങളുടെ നാട്ടിലെ പ്രവാസികളായ കൂടപ്പിറപ്പുകളെ ഞങ്ങള്‍ ഒറ്റപ്പെടുത്തില്ല. രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്നു. അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ഞങ്ങള്‍ ചെയ്യും. മനുഷ്യത്വം മരിച്ചിട്ട് മനുഷ്യന് ജീവിച്ചിട്ട് കാര്യമില്ലല്ലോ ?’ പൗരസമിതി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post