ഹൈദരാബാദ്: ചികിത്സക്ക് ശേഷം ആശുപത്രിയില്‍ നിന്നും വിട്ടയച്ച കോവിഡ് രോഗികളെ ഏറ്റെടുക്കാന്‍ വിസമ്മതിച്ച് കുടുംബാംഗങ്ങള്‍. ഹൈദരാബാദ് ഗാന്ധി ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ അമ്പതിലധികം പേരാണ് വീട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ആശുപത്രിയില്‍ കഴിയുന്നതെന്ന് നോഡല്‍ ഓഫീസര്‍ ഡോ. പ്രഭാകര്‍ റാവു പറയുന്നു.
കഴിഞ്ഞ 10-15 ദിവസങ്ങള്‍ക്കിടെ ചികിത്സയില്‍ കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന അന്‍പതിലധികം പേരാണ് ബന്ധുക്കള്‍ ആരും ഏറ്റെടുക്കാനില്ലാതെ കഴിയുന്നത്. രോഗലക്ഷണങ്ങളോ അനാരോഗ്യമോ ഇല്ലാത്തതിനാല്‍ ഹോം ക്വാറന്റീന് നിര്‍ദേശിച്ച് വീട്ടിലേക്ക് അയച്ചതാണെന്നും എന്നാല്‍ കുടുംബാംഗങ്ങള്‍ ഇവരെ സ്വീകരിക്കാന്‍ വിസമ്മതിച്ചതായും ഡോ റാവു വ്യക്തമാക്കി.
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായതിന് പിന്നാലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ വരുമെന്ന പ്രതീക്ഷയോടെ മണിക്കൂറോളമാണ് ഇവര്‍ കാത്തിരുന്നത്. എന്നാല്‍ ബന്ധുക്കള്‍ ആരും തന്നെ വന്നില്ലെന്നും ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചതായും ഡോ റാവു കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിക്കുകയായിരുന്നു. 50 വയസിന് മേലെ പ്രായമുള്ളവരൊഴികെയുള്ളവരെ നാച്വറല്‍ ക്യുവര്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ കോവിഡ് നെഗറ്റീവാണെന്ന് പരിശോധന നടത്തി ഉറപ്പു നല്കിയ ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാമെന്ന് ബന്ധുക്കള്‍ അറിയിച്ചെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പുനഃപരിശോധന അസാധ്യമാണെന്ന് ഡോ. റാവു വ്യക്തമാക്കി.
15 ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 93 കാരിയുടെ കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. രോഗം ഭേദമായി ഹോം ക്വാറന്റീന് നിര്‍ദേശിച്ച അവരെ ബന്ധുക്കള്‍ കൂട്ടാനെത്താത്തതിനെ തുടര്‍ന്ന് തെലങ്കാനയിലെ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രമായ ഗാന്ധി ആശുപത്രിയില്‍ തന്നെ കഴിയുകയാണവരെന്ന് ഡോ റാവു പറഞ്ഞു.
Discussion about this post