ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രാലയത്തിലെ മുന്‍ ജീവനക്കാരന്റെ വീട്ടില്‍ മോഷണം. സംഭവം തടയാന്‍ ശ്രമിച്ച ഭാര്യയെ അക്രമികള്‍ കുത്തി വീഴ്ത്തി. വിദേശകാര്യമന്ത്രാലയ ജീവനക്കാരനായിരുന്ന ബിആര്‍ ചൗള(94)യുടെ ഭാര്യ കാന്ത ചൗള(88)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ സഫ്ദര്‍ജങ് എന്‍ക്ലേവിലാണ് സംഭവം. രണ്ടു മക്കളുടെയും മരണത്തിനു പിന്നാലെ ചൗളയും കാന്തയും തനിച്ചായിരുന്നു താമസം.
ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ആക്രമണം നടന്നത്. ഇവരുടെ കെട്ടിടത്തില്‍ ഈയടുത്ത് ജോലിക്കു ചേര്‍ന്ന സുരക്ഷാജീവനക്കാരനും കൂട്ടാളികളും ചേര്‍ന്നാണ് മോഷണത്തിനായ് ദമ്പതിമാരുടെ വീട്ടില്‍ കടന്നതെന്ന് പോലീസ് പറയുന്നു. വീടിനുള്ളില്‍ കടന്ന മോഷ്ടാക്കാള്‍ ദമ്പതിമാരെ കീഴ്പ്പെടുത്തുകയും സോഫയില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മോഷണശ്രമം തടയാന്‍ കാന്ത ശ്രമിക്കുന്നതിനിടെ മോഷ്ടാക്കളില്‍ ഒരാള്‍ മൂര്‍ച്ചയേറിയ വസ്തുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ദമ്പതിമാരുടെ കിടപ്പുമുറിയില്‍ കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും എല്ലാം തന്നെ കൊണ്ട് കടന്നു കളഞ്ഞു.
പിന്നാലെ വീടിനു പുറത്തെത്തിയ ചൗള വിവരം അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാന്തയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കാന്ത ചൗള മരണപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Discussion about this post