അങ്കമാലി: കരഞ്ഞതിന്റെ പേരില്‍ 54 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കട്ടിലില്‍ നിന്നും വലിച്ചെറിഞ്ഞ അച്ഛന് അറസ്റ്റില്‍. അങ്കമാലി സ്വദേശി ഷൈജു തോമസാണ് പോലീസ് പിടിയിലായത്. ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ 18-നാണ് കേസിന് ആസ്പദമായ സംഭവം. കരഞ്ഞതിനാലാണ് ഷൈജു കുഞ്ഞിനെ കിടക്കയില്‍ നിന്നും വലിച്ചെറിഞ്ഞത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. പിഞ്ചുകുഞ്ഞിന്റെ തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്.
തലച്ചോറില്‍ രക്തസ്രാവം ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ വെന്റിലേറ്ററിന്റെ സഹായമില്ലാതെയാണ് കുഞ്ഞിന്റെ ജീവന് നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.
അതേസമയം, പെണ്‍കുഞ്ഞ് ആയതിനാലാണ് ഷൈജു തോമസ് ക്രൂരമായി പെരുമാറിയതെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനായ ഷൈജുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്തു. നേപ്പാള്‍ സ്വദേശിനിയാണ് കുഞ്ഞിന്റെ അമ്മ. ഷൈജു തോമസിനൊപ്പം അങ്കമാലിയിലാണ് ഇവര്‍ താമസിക്കുന്നത്.
Discussion about this post