കണ്ണൂര്‍: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്കി. രണ്ട് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ അടക്കം 40 ജീവനക്കാരോടാണ് ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വിദേശത്ത് നിന്ന് എത്തിയവരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ടുപോയ കണ്ണൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഡ്രൈവര്‍ പത്തിന് കണ്ണൂര്‍ ഡിപ്പോയില്‍ എത്തിയിരുന്നു. ഇതേതുടര്‍ന്ന് ബസും ഓഫീസുമടക്കം അണുവിമുക്തമാക്കിയിരുന്നു.
അതേസമയം സമ്പര്‍ക്കത്തിലൂടെ കൊവിഡ് 19 വൈറസ് ബാധ ഉണ്ടായതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചിരിക്കുകയാണ്. ഇന്ന് മുതല്‍ പതിനാല് ദിവസത്തേക്കാണ് പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും അടച്ചിരിക്കുന്നത്. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി കൈക്കൊണ്ടിരിക്കുന്നത്.
ഇതിനു പുറമെ ജില്ലയിലെ തന്നെ ആന്തൂര്‍, പേരാവൂര്‍, ധര്‍മടം, പാട്യം എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വര്‍ഡുകളും പൂര്‍ണമായും അടയ്ക്കും. നിലവില്‍ ജില്ലയില്‍ 34 തദ്ദേശ സ്ഥാപനങ്ങളിലാണ് കണ്ടെയിന്മെന്റ് സോണുകളുള്ളത്. 299 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post