കണ്ണൂര്‍: സമ്പര്‍ക്കത്തിലൂടെ കൊവിഡ് 19 വൈറസ് ബാധ ഉണ്ടായതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടയ്ക്കും. ഇന്ന് മുതല്‍ പതിനാല് ദിവസത്തേക്കാണ് പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും അടച്ചിരിക്കുന്നത്. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി കൈക്കൊണ്ടിരിക്കുന്നത്.
നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടയ്ക്കാന്‍ തീരുമാനിച്ചത്. മുഴക്കുന്നിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം കൊവിഡ് ബാധിച്ച എയര്‍ ഇന്ത്യാ ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടികയിലെ അഞ്ച് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലും നിരവധി പേരുണ്ട്. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിടാനാണ് തീരുമാനം.
ജില്ലയിലെ തന്നെ ആന്തൂര്‍, പേരാവൂര്‍, ധര്‍മടം, പാട്യം എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വര്‍ഡുകളും പൂര്‍ണമായും അടയ്ക്കും. നിലവില്‍ ജില്ലയില്‍ 34 തദ്ദേശ സ്ഥാപനങ്ങളിലാണ് കണ്ടെയിന്മെന്റ് സോണുകളുള്ളത്. ഇതില്‍ 28 ഇടങ്ങളില്‍ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത്തരം മേഖലകളില്‍െകാവിഡ് പോസിറ്റീവായ രോഗികളുടെ വീടിന് 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ മാത്രമാണ് കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ജില്ലയില്‍ നാലു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു പേര് വിദേശത്ത് നിന്ന് വന്നവരും രണ്ടു പേര് മുംബൈയില്‍ നിന്നും എത്തിയവരാണ്. നിലവില്‍ 299 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post