തൃശ്ശൂര്‍: ഗള്‍ഫില്‍ നിന്നും ഗര്‍ഭിണികള്‍ക്ക് നാട്ടിലെത്താന്‍ വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിവരെ എത്തിയ ദമ്പതിമാരാണ് ആതിരയും നിതിന്‍ ചന്ദ്രനും. പ്രസവത്തിനായി വന്ദേഭാരത് മിഷന്റെ ആദ്യവിമാനത്തില്‍ത്തന്നെ ആതിര കഴിഞ്ഞമാസം നാട്ടിലേക്കുവന്നു.
എന്നാല്‍ നിതിന്‍ ജീവകാരുണ്യപ്രവര്ത്തനങ്ങളുും രക്തദാന ക്യാമ്പുകളുമായി ദുബായില്‍ത്തന്നെ നിന്നു. തനിക്ക് പകരം വിമാനത്തില്‍ അത്യാവശ്യമുള്ളവരെ നാട്ടിലേക്ക് വിട്ടു. എന്നാല്‍ മരണം നിതിനെ തട്ടിയെടുത്തു.
ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ താമസസ്ഥലത്തുവെച്ച് തിങ്കളാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് നിതിന്‍ മരിച്ചത്.
നിധിന്റെ മരണം പ്രവാസലോകത്തും സ്വന്തം നാട്ടിലും തീരാവേദനയായി മാറിയിരിക്കുകയാണ്. നിതിന്റെ വിയോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാഫി പറമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നാട്ടിലേക്ക് പോവാന്‍ ലഭിച്ച അവസരത്തിലും മറ്റൊരാള്‍ക്ക് വേണ്ടി അത് മാറ്റി വെച്ച നിതിന്‍ ഇപ്പോ അനിവാര്യമായ യാത്രക്ക് അസമയത്ത് പുറപ്പെട്ടിരിക്കുന്നുവെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നിതിന്റെ വിയോഗം അറിയാതെ ആതിര അവന്റെ പൊന്നോമനയെ പ്രസവിക്കട്ടേ, പരിചയമുള്ളവര്‍ക്കെല്ലാം വിങ്ങുന്ന വേദനയാണെങ്കില്‍ ഇല്ലാത്തവര്‍ക്കും നികത്താനാവാത്ത നഷ്ടം തന്നെയാണ് ഈ വിയോഗം. കാരണം സ്വന്തം കാര്യത്തിനേക്കാള്‍ മേലെ മറ്റുള്ളവരുടെ ആവശ്യങ്ങളെ പ്രതിഷ്ഠിച്ച ഒരാളാണ് നമ്മളോട് വിട പറഞ്ഞതെന്നും ഷാഫി പറമ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
എന്താ പറയേണ്ടതെന്ന് അറിയുന്നില്ല .
പിറക്കാനിരിക്കുന്ന കുഞ്ഞിനെ കാണാന്‍ ഇനി നിതിന്‍ ഇല്ല . ഗര്‍ഭിണികള്‍ ഉള്‍പ്പടെയുള്ള പ്രവാസ ലോകത്ത് കുടുങ്ങി കിടന്നവരേ നാട്ടിലെത്തിക്കാന്‍ 7 മാസം ഗര്‍ഭിണിയായ ആതിര നിയമപോരാട്ടാം നടത്തുമ്പോള്‍ അതിന് കരുത്ത് പകര്‍ന്ന നിധിന് ഭാര്യയോടോന്നിച്ച് നാട്ടില്‍ പോണില്ലേ എന്ന് ചോദിച്ചവരോട് പറഞ്ഞത് ആരെങ്കിലും അത്യാവശ്യക്കാരുണ്ടെങ്കില്‍ പൊയ്ക്കോട്ടേ എന്നായിരുന്നു .
Iype Vallikadan എഴുതിയത് പോലെ നിതിന്റെ വിയോഗം അറിയാതെ ആതിര അവന്റെ പൊന്നോമനയെ പ്രസവിക്കട്ടേ .. ഈ വേദന ആ കുട്ടി എങ്ങിനെ സഹിക്കും ?
നാട്ടിലേക്ക് പോവാന്‍ ലഭിച്ച അവസരത്തിലും മറ്റൊരാള്‍ക്ക് വേണ്ടി അത് മാറ്റി വെച്ച നിതിന്‍ ഇപ്പോ അനിവാര്യമായ യാത്രക്ക് അസമയത്ത് പുറപ്പെട്ടിരിക്കുന്നു .
നിയമ പോരാട്ടത്തിന് തയ്യാറായ ആതിരക്ക് ആദരമെന്നോണം കൊടുത്ത യൂത്ത് കെയര്‍ ടിക്കറ്റിന് പകരമായി 2 സാധാരണക്കാര്‍ക്ക് ടിക്കറ്റ് നല്കിയ നിതിന്‍ അന്ന് തൊട്ട് ഇന്ന് വരേയും സജീവമായി കോവിഡ് കാലത്ത് യുവതയുടെ കരുതല്‍ അടയാളപ്പെടുത്തിയ മനുഷ്യ സ്നേഹിയാണ് . പരിചയമുള്ളവര്‍ക്കെല്ലാം വിങ്ങുന്ന വേദനയാണെങ്കില്‍ ഇല്ലാത്തവര്‍ക്കും നികത്താനാവാത്ത നഷ്ടം തന്നെയാണ് ഈ വിയോഗം … കാരണം സ്വന്തം കാര്യത്തിനേക്കാള്‍ മേലെ മറ്റുള്ളവരുടെ ആവശ്യങ്ങളെ പ്രതിഷ്ഠിച്ച ഒരാളാണ് നമ്മളോട് വിട പറഞ്ഞത് .
Discussion about this post