കൊല്‍ക്കത്ത: കുടിയേറ്റ തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ 10000 രൂപ നിക്ഷേപിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതിനായി പണം കണ്ടെത്തണമെന്നുമാണ് മമത ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മഹാമാരി നിമിത്തം സമാനതയില്ലാത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കുടിയേറ്റ തൊഴിലാളികള്‍ കടന്നുപോകുന്നത്. വിവിധ മേഖലകളിലായി തൊഴില്‍ ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് 10000 രൂപ നല്‍കണം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതിനായി പണം കണ്ടെത്താം- എന്നാണ് മമത പറഞ്ഞത്.
ഉംപുണ്‍ ചുഴലിക്കാറ്റില്‍ വീട് നഷ്ടമായവരുടെ അക്കൗണ്ടിലേക്ക് 20000 രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും, വിളനാശം സംഭവിച്ച 23.3 ലക്ഷം കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം നല്കാന് സാധിച്ചുവെന്നും മമത വിശദമാക്കി. എന്നാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറ്റ തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതിലെ വീഴ്ചയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് മമത ബാനര്‍ജി പുതിയ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത് എന്ന് ബിജെപി നാഷണല്‍ സെക്രട്ടറി രാഹുല്‍ സിന്‍ഹ ആരോപിച്ചു.
സംസ്ഥാനത്തേക്ക് പ്രത്യേക ട്രെയിനുകള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് ഏറെ സമ്മര്‍ദ്ദം മമത സര്‍ക്കാരിന് മേല്‍ ചുമത്തേണ്ടി വന്നു. കുടിയേറ്റ തൊഴിലാളികള്‍ മമതയെ പുച്ഛിക്കുകയാണെന്നും മടങ്ങിയെത്തിയവര്‍ക്ക് തൊഴില്‍ നല്‍കാതെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ് മമതയെന്നും രാഹുല്‍ സിന്‍ഹ ആരോപിച്ചു.
Discussion about this post