കോട്ടയ്ക്കല്‍ : മാമ്പഴക്കാലമെത്തിയതോടെ മാര്‍ക്കറ്റുകളിലെല്ലാം മാമ്പഴം സുലഭമായി ലഭിക്കാനും തുടങ്ങി. മലയാളികളുടെ പ്രിയപ്പെട്ട പഴവര്‍ഗങ്ങളിലൊന്നായ മാമ്പഴത്തിന് ആവശ്യക്കാരേറെയാണ്. അതുകൊണ്ടുതന്നെ വ്യാപാരികളില്‍ പലരും ഈ അവസരം മുതലെടുക്കാനും തുടങ്ങിയിരിക്കുകയാണ്.
രാസവസ്തുക്കള്‍ ഉപയോഗിച്ച് ക്യത്രിമമായി പഴുപ്പിച്ച മാങ്ങകളും വില്‍പ്പനയ്ക്കെത്താന്‍ തുടങ്ങി. അത്തരത്തില്‍ മാങ്ങ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന ‘ചൈനീസ് പൗഡര്‍’ കോട്ടയ്ക്കലിലെ കടയില്‍നിന്ന് പിടികൂടി. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പൗഡര്‍ കണ്ടെത്തിയത്.
ചെറുപാക്കറ്റുകളില്‍ സൂക്ഷിച്ച ചൈനീസ് നിര്‍മിതമായ എത്തിലിന്പൊടിയാണ് കോട്ടയ്ക്കലിലെ കടയില്‍ നിന്നും അധികൃതര്‍ പിടിച്ചെടുത്തത്. പൗഡര്‍ ഉപയോഗിച്ച് പഴുപ്പിച്ച മുന്നൂറ് കിലോയോളം മാങ്ങ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു.
ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ ജി. ജയശ്രീയുടെ നിര്‍ദേശപ്രകാരം കോട്ടയ്ക്കല്‍ സര്‍ക്കിള്‍ ഓഫീസര്‍ എസ്. ഷിബു, മലപ്പുറം നോഡല്‍ ഓഫീസര്‍ ദിവ്യദിനേശ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.പൊടി കോഴിക്കോട്ടെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇത് എത്തിലിന്‍ പൗഡര്തന്നെയാണോ മറ്റെന്തെങ്കിലുമാണോ എന്ന് പരിശോധനകഴിഞ്ഞാലേ ഉറപ്പിച്ചു പറയാനാവൂ എന്ന് പൊന്നാനി സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ യു.എം. ദീപ്തി പറഞ്ഞു. അടുത്തകാലം മുതലാണ് പഴങ്ങള്‍ പഴുപ്പിക്കാന്‍ കാത്സ്യം കാര്ബൈഡിനുപകരം എത്തിലിന്‍ പൊടി കേരളത്തില്‍ ഉപയോഗിച്ചുതുടങ്ങിയത്.
കൊച്ചിയിലും പാലക്കാട്ടെ കുമരനെല്ലൂരിലുമെല്ലാം ഈ പൊടി പിടികൂടിയിരുന്നു. എന്നാല്‍ മലപ്പുറത്ത് ആദ്യമായാണ് ഇതുപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
Discussion about this post