കാബൂള്‍: പ്രസവ വാര്‍ഡില്‍ തീവ്രവാദി ആക്രമണം. അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ ആശുപത്രിയിലാണ് ആക്രമണം നടത്തിയത്. രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 16 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാബൂളിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ ദഷ്ടി ബര്‍ച്ചിയിലാണ് സംഭവം.
ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയിലെ 80 അമ്മമാരെയും കുട്ടികളെയും ഒഴിപ്പിച്ചതായി അഫ്ഗാന് ആഭ്യന്തര മന്ത്രി താരിഖ് ആര്യന് പറയുന്നു. മാധ്യമങ്ങളോടായിരുന്നു പ്രതികരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അഫ്ഗാന് സര്‍ക്കാര്‍ വ്യക്തമാക്കി. പൊതുആരോഗ്യ ഉപമന്ത്രി വാഹിദ് മജ്റോ സ്ഥലത്തെത്തി. തീവ്രവാദി ആക്രമണത്തിനെതിരെ ഇന്ത്യ രംഗത്തെത്തി.
നിരപരാധികളായ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണം പ്രാകൃതമാണെന്ന് ഇന്ത്യ ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രാജ്യം ദുഃഖമറിയിക്കുകയും ചെയ്തു. തീവ്രവാദത്തെ തുടച്ചുനീക്കാന്‍ നടപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഇതിനു പുറമെ, നംഗര്‍ഹാറിലും ആക്രമണമുണ്ടായി. ചാവേര്‍ സ്ഫോടനത്തില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. ശവസംസ്കാര ചടങ്ങിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്, ഐഎസ് സംഘടനകള്‍ക്ക് സ്വാധീനമുള്ള മേഖലകളിലാണ് ആക്രമണം നടന്നത്.
Discussion about this post