ന്യൂഡല്‍ഹി: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ബിഎസ്എഫ് ആസ്ഥാനം അടച്ചു. ഡല്‍ഹിയിലെ സിജിഎം കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന അര്‍ദ്ധ സൈനിക വിഭാഗമായ ബിഎസ്എഫിന്റെ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെയാണ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ബിഎസ്എഫ് ആസ്ഥാനത്തിന്റെ ആദ്യത്തെയും രണ്ടാമത്തെയും നിലയാണ് അടച്ചത്. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ബിഎസ്എഫ് അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ സിആര്‍പിഎഫ് ആസ്ഥാനവും അടച്ചിരുന്നു.
കിഴക്കന്‍ ഡല്‍ഹിയിലെ സിആര്‍പിഎഫ് ക്യാമ്പില്‍ 68 ജവാന്മാര്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സിആര്‍പിഎഫ് ആസ്ഥാനം അടച്ചത്. രാജ്യത്ത് ആകെ 127 സിആര്‍പിഎഫ് ജവാന്മാര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 122 പേര് ഡല്‍ഹിയിലെ ബറ്റാലിയനില്‍ നിന്നാണ്. ഒരു സിആര്‍പിഎഫ് ജവാന് ജീവന് നഷ്ടമാവുകയും ചെയ്തിരുന്നു.
Discussion about this post