കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിലെ രോഗികളെ പരിചരിക്കാൻ സ്വയംനിയന്ത്രിത റോബോട്ടിനെ നൽകി നടൻ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ. ഫൗണ്ടേഷൻ ഡയറക്ടർമാരായ മേജർ രവി, വിനു കൃഷ്ണൻ എന്നിവർ ഇന്ന് രാവിലെ ജില്ലാ കളക്ടർ എസ് സുഹാസിന് റോബോട്ടിനെ കൈമാറി. കർമിബോട്ട് (KARMIBot) എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിന് 25 കിലോഗ്രാം ഭാരം വരെ കൊണ്ടുപോകാനാവും.
ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷം കർമിബോട്ടിനെ കളമശേരി മെഡിക്കൽ കോളേജിലെ രോഗികളുടെ പരിചരണത്തിനായി കൈമാറുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു. പിപിഇ കിറ്റുകൾക്ക് ദൗലഭ്യം നേരിടുന്ന സമയത്ത് റോബോട്ടിനെ ലഭിച്ചത് ഏറെ ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റാർട്ട്അപ്പ് മിഷൻ മേയ്ക്കർ വില്ലേജിലെ അസിമോവ് റോബോട്ടിക്സ് എന്ന സ്ഥാപനമാണ് റോബോട്ടിനെ വികസിപ്പിച്ചിരിക്കുന്നത്. ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിങ് വിദ്യാർത്ഥികൾ വികസിപ്പിച്ചു നൽകിയ നൈറ്റിങ്ഗേൽ19 എന്ന റോബോട്ടിനെ കണ്ണൂർ മെഡിക്കൽ കോളേജിലും ഉപയോഗിക്കുന്നുണ്ട്. ഐസൊലേഷൻ വാർഡിലേക്ക് മരുന്നും ഭക്ഷണവും മറ്റും എത്തിക്കാനും മാലിന്യങ്ങൾ തിരികെ കൊണ്ടുവരാനുമാകും സ്വയംനിയന്ത്രിത റോബോട്ടിനെ ഉപയോഗിക്കുക.
ആരോഗ്യപ്രവർത്തകർ രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കാമെന്നതും പിപിഇ കിറ്റുകളുടെ ഉപയോഗം കുറയ്ക്കാമെന്നതുമാണ് റോബോട്ടിനെ ഉപയോഗിക്കുന്നതു കൊണ്ടുള്ള പ്രയോജനം.
Discussion about this post