തിരുവനന്തപുരം: കൊവിഡ് ഭീതി നിലനിന്ന പശ്ചാത്തലത്തില്‍ മാറ്റിവെച്ച എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മെയ് 10ന് ശേഷം നടത്താന്‍ ആലോചന. ലോക്ക് ഡൗണ്‍ മെയ് മൂന്നിന് അവസാനിച്ചാല്‍ പത്ത് ദിവസത്തിനുള്ളില്‍ പരീക്ഷ നടത്തുന്ന കാര്യമാണ് പരിഗണനയിലുള്ളത്.
നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. എസ്എസ്എല്‍സി പരീക്ഷ രാവിലെയും പ്ലസ്റ്റു പരീക്ഷ ഉച്ചകഴിഞ്ഞും നടത്താനാണ് ആലോചിക്കുന്നത്. പ്ലസ് വണ്‍ പരീക്ഷകള്‍ ഇതിന് ശേഷവും നടത്താനുമാണ് ആലോചന. ഗള്‍ഫിലും ലക്ഷദ്വീപിലും പരീക്ഷാ സെന്ററുകള്‍ ഉണ്ട്. ഇവിടങ്ങളിലെ ലോക്ക്ഡൗണ്‍ കാലാവധിയെ അടിസ്ഥാനമാക്കിയാകും തീരുമാനമെടുക്കുക.
അതെസമയം പച്ച, ഓറഞ്ഞ് ബി വിഭാഗങ്ങളില്‍ പെടുത്തിയിരിക്കുന്ന സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഈ ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതാണ് ഇളവുകള്‍ പ്രഖ്യാപിക്കാന്‍ കാരണം.
ഓറഞ്ച് എ വിഭാഗത്തില്‍ പെട്ട ജില്ലകള്‍ക്ക് ഏപ്രില്‍ 24 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ ചുവപ്പ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ മെയ് മൂന്നിന് ശേഷമേ നിലവിലുള്ള നിയന്ത്രണങ്ങള്‍ മാറുകയുള്ളു.
Discussion about this post