ടെല്‍ അവീവ്: ആറടി അകലം പാലിച്ചും മാസ്ക് ധരിച്ചും ആയിരങ്ങള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചതാണ് ഇന്ന് ലോകവ്യാപക ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം ഭീഷണിയായി നിലനില്‍ക്കെയാണ് ഈ പ്രതിഷേധമെന്നതാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. കൊറോണ കാലത്ത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജനാധിപത്യത്തെ അപകടപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് ആയിരങ്ങളുടെ പ്രതിഷേധം.
അഴിമതി വിചാരണകളില്‍ നിന്ന് രക്ഷനേടാന്‍ കൊറോണക്കാലത്തെ നെതന്യാഹു ദുരുപയോഗം ചെയ്യുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു. മാസ്ക് ധരിച്ചും ആറടി അകലം പാലിച്ചുമാണ് പ്രതിഷേധക്കാരെല്ലാവരും ഞാറാഴ്ച ടെല്‍ അവീവില്‍ സംഗമിച്ചത്. പലരും കരിങ്കൊടി പിടിച്ചായിരുന്നു പ്രതിഷേധിച്ചത്.
തന്റെ ബദ്ധശത്രുവായ ബെന്നി ഗാന്റസിനെ കൂട്ടുപിടിച്ചുള്ള നെതന്യാഹുവിന്റെ പുതിയ രാഷ്ട്രീയനീക്കവും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലം നെതന്യാഹുവിനൊപ്പം കൂട്ടു കക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കില്ലെന്നു പറഞ്ഞ ബെന്നി ഗാന്റ്സ് കൊറോണയുടെ പശ്ചാത്തലത്തില്‍ അടിയന്തിര സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. ഇത് ഗാന്റ്സിന്റെ അനുയായികളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പ്രകോപിപ്പിച്ചിരുന്നു.
‘നിങ്ങള്‍ക്ക് അഴിമതിയില്‍നിന്ന് കൊണ്ട് അഴിമതിക്കെതിരേ പോരാടാനാവില്ല. നിങ്ങള്‍ അതിനുള്ളിലാണെങ്കില്‍ നിങ്ങളും അഴിമതിയുടെയും ഭാഗമാണ്.’ ഗാന്റ്സിന്റെ രാഷ്ട്രീയ സഹയാത്രികനായ യേര് ലാപിഡ് പറയുന്നു. അഴിമതി, തട്ടിപ്പ് എന്നിവ നടത്തിയതിന് നിലവില്‍ കുറ്റം ചുമത്തപ്പെട്ടയാളാണ് നെതന്യാഹു. തന്റെ സുദീര്‍ഘ ഭരണം ഉറപ്പു വരുത്താനും ചുമത്തപ്പെട്ട കുറ്റങ്ങളില്‍ നിന്ന് രക്ഷപ്പെടാനുമാണ് കൊറോണ കാലത്തെ നെതന്യാഹു ദുരുപയോഗപ്പെടുത്തുന്നതെന്ന ആരോപണം ഉന്നയിച്ചായിരുന്നു പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.
Discussion about this post