ഡെറാഡൂണ്‍: കൊറോണ വൈറസ് ബാധ സംശയത്തെത്തുടര്‍ന്ന് ആനക്കുട്ടിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഉത്തരാഖണ്ഡിലെ രാജാജി ടൈഗര്‍ റിസര്‍വിലെ ആനക്കുട്ടിയുടെ സാമ്പിളാണ് വൈറസ് ബാധ സംശയത്തെത്തുടര്‍ന്ന് കൊറോണ പരിശോധനയ്ക്ക് അയച്ചത്.
അസുഖ ബാധിതനായ സുല്‍ത്താന്‍ എന്ന് പേരിട്ടിരിക്കുന്ന ആനക്കുട്ടിക്ക് ഗുരുതരമായ അണുബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. തുടര്‍ന്നാണ് കൊറോണ പരിശോധന നടത്താന്‍ തീരുമാനിച്ചത്. മറ്റ് രണ്ട് ആനക്കുട്ടികള്‍ക്കും അസുഖമുണ്ട്. എന്നാല്‍ ഇത് കൊറോണ രോഗലക്ഷണമല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടത്.
ആനക്കുട്ടിയുടേത് പകര്‍ച്ചവ്യാധിയുടെ ലക്ഷണമാണെന്ന് പ്രാഥമികപരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊറോണ പരിശോധന നടത്താന്‍ തീരുമാനിച്ചതെന്ന് ഡൈഗര് റിസര്‍വ്വ് ഡയറക്ടര്‍ അമിത് വര്‍മ പറഞ്ഞു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സുല്‍ത്താനെ മാറ്റിപ്പാര്‍പ്പിച്ചു.
ആനക്കുട്ടി അസുഖബാധിതനായതിനെ തുടര്‍ന്ന് ഹരിദ്വാറില്‍ നിന്നും പ്രത്യേക ആരോഗ്യസംഘം എത്തി കൂടുതല്‍ പരിശോധനയും അണുനശീകരണവും നടത്തും. ആനക്കുട്ടിയുടെ സാമ്പിള്‍ ഇന്ത്യന്‍ വെറ്റിറിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധനയ്ക്കായി അയച്ചത്.