തൃശ്ശൂര്‍; സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ വിമര്‍ശനങ്ങളെ പരിഹസിച്ച് മുന്‍ എംപി എംബി രാജേഷ്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് ലഭിച്ച ആഗോള ഖ്യാതി സഹിക്കാനും താങ്ങാനുമാവുന്നില്ല എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രശ്നമെന്ന് എംബി രാജേഷ് പറഞ്ഞു. ഫേസ്ബുക്കില്‍ ഇട്ട കുറിപ്പിലൂടെയായിരുന്നു എംബി രാജേഷ് വിമര്‍ശനം ഉന്നയിച്ചത്.
പ്രതിപക്ഷത്തിന്റെ കൂട്ടക്കരച്ചിലുകള്‍ ആറ്റികുറുക്കിയാല്‍ രണ്ട് പരാതിയാണ് കാര്യമായി കിട്ടുക. ഒന്ന്, മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും പ്രതിഛായ ഇങ്ങനെ വര്‍ദ്ധിക്കാമോ? ഇത്ര നല്ല അഭിപ്രായം ഉണ്ടാക്കാമോ? ഇതെല്ലാം വെറും പി.ആര്. കൊണ്ടു മാത്രമുണ്ടാക്കിയതാണ്. സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തിട്ടല്ല. രണ്ട്, സൈബര്‍ സഖാക്കള്‍ സംഘടിതമായി ട്രോളി പ്രതിപക്ഷമായ ഞങ്ങളെ വെറും പരിഹാസ കഥാപാത്രങ്ങളാക്കുന്നു. എന്നിവയാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പരാതികളെന്ന് എംബി രാജേഷ് കുറിച്ചു.
പിണറായി സര്‍ക്കാരിന് വേണ്ടി ഇവര്‍ ആരോപിക്കും പ്രകാരമാണെങ്കില്‍ പി.ആര്.ജോലി ചെയ്യുന്നവര്‍ ആരൊക്കെയാണ്? രാഹുല്‍ ഗാന്ധിയും ശശി തരൂരും അടക്കമുള്ളവര്‍. സര്‍ക്കാര്‍ വെറും പി.ആര്.മാത്രമെന്ന് ഇവര്‍ പറയുമ്പോള്‍ രാഹുല്‍ പറയുന്നു കൊവിഡിനെ ചെറുക്കുന്നതില്‍ കേരളത്തിന്റെ പ്രവര്‍ത്തനം മികവുറ്റതാണെന്ന്.ശശി തരൂര്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ദേശീയ മാദ്ധ്യമത്തില്‍ ലേഖനമെഴുതിയത്രേ. അതും പി.ആര്.ആയിരിക്കുമോ?-എംബി രാജേഷ് ചോദിച്ചു.
എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
എന്താണ് കേരളത്തിലെ പ്രതിപക്ഷത്തെ ഇത്ര ഇരിക്കപ്പൊറുതിയില്ലാതാക്കുന്നത്? കുഞ്ചന്‍ നമ്പ്യാര്‍ കവിതയിലെ സമനില തെറ്റിയ മര്‍ക്കടന്റെ വാലില്‍ തേളുകുത്തിയ അവസ്ഥയിലെപ്പോലെ പ്രതിപക്ഷം കോപാക്രാന്തരാവാന്‍ കാരണമെന്ത്?കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് ലഭിച്ച ആഗോള ഖ്യാതി അവര്‍ക്ക് സഹിക്കാനും താങ്ങാനുമാവുന്നില്ല എന്നതു മാത്രമല്ലേ പ്രശ്നം. അവരുടെ കൂട്ടക്കരച്ചിലുകള്‍ ആറ്റികുറുക്കിയാല്‍ രണ്ട് പരാതിയാണ് കാര്യമായി കിട്ടുക.
ഒന്ന്, മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും പ്രതിഛായ ഇങ്ങനെ വര്‍ദ്ധിക്കാമോ? ഇത്ര നല്ല അഭിപ്രായം ഉണ്ടാക്കാമോ? ഇതെല്ലാം വെറും പി.ആര്. കൊണ്ടു മാത്രമുണ്ടാക്കിയതാണ്. സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തിട്ടല്ല.
രണ്ട്, സൈബര്‍ സഖാക്കള്‍ സംഘടിതമായി ട്രോളി പ്രതിപക്ഷമായ ഞങ്ങളെ വെറും പരിഹാസ കഥാപാത്രങ്ങളാക്കുന്നു.
ആദ്യം ഒന്നാമത്തേത് എടുക്കാം? പിണറായി സര്‍ക്കാരിന് വേണ്ടി ഇവര്‍ ആരോപിക്കും പ്രകാരമാണെങ്കില്‍ പി.ആര്.ജോലി ചെയ്യുന്നവര്‍ ആരൊക്കെയാണ്? രാഹുല്‍ ഗാന്ധിയും ശശി തരൂരും അടക്കമുള്ളവര്‍. സര്‍ക്കാര്‍ വെറും പി.ആര്.മാത്രമെന്ന് ഇവര്‍ പറയുമ്പോള്‍ രാഹുല്‍ പറയുന്നു കോവിഡിനെ ചെറുക്കുന്നതില്‍ കേരളത്തിന്റെ പ്രവര്‍ത്തനം മികവുറ്റതാണെന്ന്.ശശി തരൂര്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ദേശീയ മാദ്ധ്യമത്തില്‍ ലേഖനമെഴുതിയത്രേ. അതും പി.ആര്.ആയിരിക്കുമോ? അര്‍ണബ് ഗോസ്വാമി വരെ ഇപ്പോള്‍ ഇടതു സര്‍ക്കാരിന്റെ പി.ആര്.ജോലി ഏറ്റെടുത്തിരിക്കയല്ലേ?
പിന്നെയാരൊക്കെയാണ് പി.ആര്. പണി ചെയ്യുന്നത് എന്നറിയാമോ? ബിബിസി, ഫോക്സ് ന്യൂസ്, വാഷിങ്ങ്ടണ്‍ പോസ്റ്റ്, ന്യു യോര്‍ക്ക് ടൈംസ്, ബ്രിട്ടീഷ് ടെലഗ്രാഫ്, ഹഫിങ്ങ്ടണ്‍ പോസ്റ്റ്, അല്‍ ജസീറ, ഖലീജ് ടൈംസ് തുടങ്ങിയ വിഖ്യാതമായ ആഗോള മാദ്ധ്യമങ്ങള്‍. ഇന്ത്യയിലോ? കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയിലെ മുഖ്യമന്ത്രിമാര്‍ക്കിടയില്‍ നായകന് പിണറായി വിജയന് എന്ന് ഇന്ത്യന്‍ എക്സ്പ്രസ് മുഖപ്രസംഗം.കേരളം മാതൃകയെന്ന് ഹിന്ദുവും ടെലഗ്രാഫും. കേരളത്തെ ഇന്ത്യ പകര്‍ത്തണമെന്ന് മുംബൈ മിററും അഹമ്മദബാദ് മിററും.കേരളത്തിന്റെ കോവിഡ് പ്രതിരോധം സമ്പന്ന രാഷ്ട്രങ്ങളെ നാണിപ്പിക്കുമെന്ന് ദി വീക്ക്.കേരളം ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുമെന്ന് രാജ് ദീപ് സര്‍ദേശായി. കേരളം തിളങ്ങുന്ന മാതൃകയെന്ന് ആനന്ദ് മഹീന്ദ്ര. ബാഡ്മിന്റണ്‍ താരം ജ്വാലാ ഗുട്ട മുതല്‍ ചലച്ചിത്ര താരം അല്ലു അര്ജുന് വരെ കേരളത്തെ അഭിനന്ദിച്ചവരും പി.ആര്.ന്റെ ഭാഗമോ?കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ മാതൃകയാക്കണമെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാരോ? കേരളം നമ്പര്‍ 1 എന്ന് ഒന്നാം പേജില്‍ കൊടുക്കാന്‍ നിര്‍ബന്ധിതമായ മനോരമയോ? കേരളത്തിന്റെ മികവ് സമ്മതിക്കാതെ വയ്യെന്നായ മാതൃഭൂമിയോ?( ഇപ്പോള്‍ അവര്‍ പ്രായശ്ചിത്തം ചെയ്തു തുടങ്ങീട്ടുണ്ട്. രാഹുലിന്റെ അഭിനന്ദനം വരെ മൂലക്കൊതുക്കിക്കൊണ്ടാണ് അത് ) കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതെന്ന് ഹൈക്കോടതി. അഭിനന്ദനാര്‍ഹമായതെന്ന് സുപ്രീം കോടതി. എന്തുകൊണ്ടായിരിക്കും ഇതൊക്കെ എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?
പ്രവര്‍ത്തിച്ച് തെളിയിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്തത്. എല്ലാം വിസ്തരിക്കുന്നില്ല. ഇന്ത്യയില്‍ രോഗികളുടെ എണ്ണത്തില്‍ ഒന്നാമതായിരുന്ന സംസ്ഥാനത്തെ 20 ദിവസം കൊണ്ട് വെറും ഒരു രോഗി എന്ന നിലയിലേക് എത്തിച്ചു. curve flatten ചെയ്തു എന്നര്‍ത്ഥം.ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക്. ലോകത്ത് ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്ക്. ദേശീയ ശരാശരിയേക്കാള്‍ പല മടങ്ങ് ഉയര്‍ന്ന പരിശോധനാ നിരക്ക്.ഏറ്റവും കുറഞ്ഞ രോഗവ്യാപന നിരക്ക്. ഇന്ത്യയിലാദ്യം കോവിഡിനെ ചെറുക്കാന്‍ പ്ലാസ് മാതെറാപ്പി .ഇന്ത്യയിലാദ്യം തെക്കന്‍ കൊറിയന്‍ മാതൃകയില്‍ പരിശോധനാ കിയോസ്ക്, അതിഥി തൊഴിലാളികള്‍ക്കായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റിലീഫ് ക്യാമ്പുകള്‍, ഇന്ത്യയിലാദ്യമായി കമ്യുണിറ്റി കിച്ചനുകള്‍ ……. ഒരു പ്രതിസന്ധി എങ്ങിനെ നേരിടാമെന്നതിന്റെ ആഗോള മാതൃക.അസൂയ മൂത്ത് നിങ്ങള്‍ എത്ര പ്രാകിയാലും സഹിക്കവയ്യാതെ നിങ്ങള്‍ എത്ര കണ്ണും കാതും കൊട്ടിയടച്ചാലും രാഷ്ട്രീയാന്ധത ബാധിക്കാത്തവര്‍ക്കെല്ലാം തിരിച്ചറിയാനാവുന്ന പ്രവര്‍ത്തന മികവിന്റെ അടയാളങ്ങളാണിവ. ഈ പ്രവൃത്തി പി.ത്തര്‍.എങ്കില്‍ അങ്ങിനെ തന്നെ.
പിന്നെ ട്രോളും സൈബര്‍ സഖാക്കളും നിങ്ങളെ പരിഹാസ്യരാക്കിയതോ അതോ നിങ്ങള്‍ സ്വയം പരിഹാസ്യരായി ട്രോളന് മാര്‍ക്ക് ദിനംപ്രതി വിഭവങ്ങള്‍ ഉണ്ടാക്കിക്കൊടുത്തതോ?മിറ്റിഗേഷന്‍ മുതല്‍ മഹാദേവന് വരെ അങ്ങോട്ടു കൊണ്ടുപോയി കൊടുത്തിട്ട് പിന്നെ സൈബര്‍ സഖാക്കളെ പറഞ്ഞിട്ട് കാര്യമുണ്ടോ? പ്രതിപക്ഷമേ ശാന്തമായി ചിന്തിക്കു.പി.ആര്‍ലൊന്നമല്ല കാര്യം. പ്രതിബദ്ധതയുള്ള രാഷ്ട്രീയം, അത് പ്രയോഗിക്കാനുള്ള കാര്യശേഷി, വകതിരിവ്, വിവേകം, ഔചിത്യം അതൊക്കെയാണ് കാര്യം.
വാല്‍ക്കഷ്ണം :വാലില്‍ തേളു കുത്തിയ , നമ്പ്യാരുടെ മര്‍ക്കടനെ ഓര്‍മ്മിപ്പിക്കുന്നു മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് MLA മാരുടെ സമനില തെറ്റിയ FB പോസ്റ്റ്
Discussion about this post