കോട്ടയം: തിരുവനന്തപുരം കല്ലമ്പലം സ്വദേശി ശ്രീകുമാറിന്റെ ഹൃദയം ഇനി അതിരമ്പുഴ തെള്ളകം കൊറ്റിയാത്ത് കെസി ജോസിന് പുതുജീവനേകും. ലോക്ക് ഡൗണില്‍ കഴിഞ്ഞ് ജനങ്ങള്‍ കൊറോണയില്‍ നിന്നും അതീജിവിക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളം മറ്റൊരു ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കുകൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ്.
ഇനിയും ജീവിക്കണമെങ്കില്‍ ഹൃദയം മാറ്റിവെയ്ക്കുക എന്നല്ലാതെ വേറെ വഴിയൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ മൃതസഞ്ജീവനി പദ്ധതിയില്‍ പേരും രജിസ്റ്റര്‍ ചെയ്ത് മറ്റൊരു ഹൃദയത്തിനായി കാത്തിരിക്കുകയായിരുന്നു തടിപ്പണിക്കാരനായ ജോസ്. ഒരുവര്‍ഷം മുമ്പാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ജോസ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്.
മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ തുടര്‍ചികിത്സ നടത്തി എങ്കിലും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ജോസ് വീണ്ടും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുകയായിരുന്നു. ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം പതിനഞ്ച് ശതമാനത്തില്‍ താഴെയെന്ന് കണ്ടെത്തിയത്.
ഇതോടെയാണ് മൃതസഞ്ജീവനി പദ്ധതിയില്‍ പേരും രജിസ്റ്റര്‍ ചെയ്ത് മറ്റൊരു ഹൃദയത്തിനായി ജോസ് കാത്തിരുന്നത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും ഹൃദയം ലഭിക്കുവാന്‍ സാധ്യതയുണ്ടെന്ന വിവരം ആശുപത്രിയില്‍ ലഭിക്കുന്നത്.
കല്ലമ്പലം സ്വദേശിയായ ശ്രീകുമാറിന്റെ ഹൃദയമായിരുന്നു ജോസിനു വേണ്ടി തുടിച്ചത്. കല്ലമ്പലത്തിനടുത്ത് ബൈക്കപകടത്തില്‍ പരിക്കേറ്റ് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീകുമാറിന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അവയവദാനത്തിന് ഭാര്യ ബേബി ബിന്ദുവും മകന് സ്വാതിനും സമ്മതം നല്‍കിയതിനെത്തുടര്‍ന്നാണ് ജോസിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്കായി വഴിതുറന്നത്.
പരിശോധനകള്‍ പലതും പൂര്‍ത്തിയായി ജോസിന്റെ രക്തവുമായി ഹൃദയം ചേരുമെന്ന് തീരുമാനിക്കുമ്പോള്‍ സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടര കഴിഞ്ഞിരുന്നു. ഉടന്‍ ഹൃദയം സ്വീകരിക്കുവാനുള്ള ഉപകരണങ്ങള്‍ അടങ്ങിയ സംഘവുമായി ഡോ: ജയകുമാര്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു.
ആറ് പത്തിന് തിരുവനന്തപുരത്ത് എത്തിയ സംഘം മറ്റ് അവയവങ്ങള്‍ മാറ്റലും പരിശോധനകളും പൂര്‍ത്തിയാക്കി ഹൃദയം എടുക്കുമ്പോള്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി കഴിഞ്ഞിരുന്നു. തുടര്‍ന്ന് ശ്രീകുമാറിന്റെ തുടിക്കുന്ന ഹൃദയവുമായി നേരെ കോട്ടയത്തേക്ക് .
മൃതസഞ്ജീവനി കണ്‍വീനറും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. എം.കെ. അജയകുമാര്‍, സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം നല്കി.
ശനിയാഴ്ച്ച പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി.കെ.ജയകുമാറാണ് നേതൃത്വം നല്‍കിയത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ആറാമത്തെ ഹൃദയ മാറ്റ ശസ്ത്രക്രിയയായിരുന്നു ഇത്.
Discussion about this post