മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 352 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 2334 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഒമ്പത് പേരാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ മരിച്ചത്. അതേസമയം പൂനെ റൂബി ഹാള്‍ ആശുപത്രിയില്‍ രണ്ട് മലയാളികള്‍ അടക്കം മൂന്ന് നഴ്സുമാര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 36 നഴ്സുമാരെ ക്വാറന്റൈന് ചെയ്തിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ ഇതുവരെ 60മലയാളി നഴ്സുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 324 ആയി. ഇന്നലെ മാത്രം 905 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 9352 ആയി. രോഗികളുടെ എണ്ണവും മരണസംഖ്യയും വര്‍ധിക്കുന്നത് രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നു. എന്നാല്‍ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ഐസിഎംആര്‍ അറിയിച്ചത്.
രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം 93 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 897 കടന്നു. ഗുജറാത്തില്‍ പുതിയ 34 കേസ് കൂടി സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 572 ആയി. ജമ്മു കശ്മീരില്‍ 25 പേര്‍ക്ക് കൂടി രോഗം റിപ്പോര്‍ട്ട് ചെയ്തു. ജാര്‍ഖണ്ഡ്, മധ്യപ്രദേശ് ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും പുതിയ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു. അരുണാചല്‍ പ്രദേശിലും ലോക്ക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടി. ഉത്തര്‍പ്രദേശില്‍ 62 ഹോട്ട് സ്പോട്ടുകള്‍ കൂടി കണ്ടെത്തി. 64 വയസ്സുള്ള രോഗിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കെജിഎംയു ആശുപത്രിയിലെ 65 ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി.
Discussion about this post