ബെയ്ജിങ്: കൊറോണയെ ചെറുക്കാന്‍ മിക്ക രാജ്യങ്ങളും ലോക്ക് ഡൗണില്‍ കഴിയുമ്പോള്‍ ആഗോള പ്രതിസന്ധിയായി തീര്‍ന്നിരിക്കുന്ന കൊറോണവ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ ലോക്ക് ഡൗണ്‍ അവസാനിച്ചു. 76 ദിവസമായി വുഹാനില്‍ തുടരുന്ന ലോക്ക് ഡൗണ്‍ ബുധനാഴ്ചയാണ് പൂര്‍ണമായും അവസാനിച്ചത്.
കൊറോണയില്‍ വിറങ്ങലിച്ച വുഹാന്‍ ഇന്ന് ഏറെക്കുറേ വൈറസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു. കൊറോണ ബാധിതരുടെ എണ്ണത്തില്‍ കുറവ് വന്നതോടെയാണ് ലോക്ക് ഡൗണ്‍ അവസാനിച്ചത്. പ്രാദേശികാതിര്‍ത്തികള്‍ തുറന്നെങ്കിലും ചുരുക്കം ചില നിയന്ത്രണങ്ങള്‍ നിലനില്ക്കും.
നിലവില്‍ വുഹാനില്‍ കൊറോണാഭീഷണി കുറഞ്ഞുവെങ്കിലും മറ്റ് രോഗങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കുന്നതായി ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹ്യുബെ തലസ്ഥാനമായ വുഹാനില്‍ 76 ദിവസമായി തുടരുന്ന ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ജനുവരി 23 മുതലാണ് ഏര്‍പ്പെടുത്തിയത്.
2019 ഡിസംബറിലായിരുന്നു വുഹാനില്‍ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ആഴ്ചകളില്‍ വൈറസ്ബാധിതരുടെ എണ്ണം ഒരു ശതമാനത്തോളം താഴ്ന്നതിനെ തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ ചെറുതായി നീക്കിയിരുന്നു. ഗതാഗതനിയന്ത്രണമുള്‍പ്പെടെയുള്ളവയില്‍ ഇളവ് വരുത്തി.
ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ ട്രെയിന്‍, വിമാനസര്‍വ്വീസുകള്‍ ബുധനാഴ്ച പുനരാരംഭിക്കും. ഇതോടെ വുഹാനില്‍ ഗതാഗതം സാധാരണ നിലയിലാവും. 55,000 ത്തോളം യാത്രക്കാര്‍ ഇന്ന് വുഹാനില്‍ യാത്രക്കെത്താനുള്ള സാധ്യതയുണ്ടെന്ന് വുഹാന്‍ റെയില്‍വെ അധികൃതര്‍ അറിയിച്ചു.
കൂടാതെ നഗരത്തിലെ സാമ്പത്തിക-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പുനരാരംഭിക്കുമെന്ന് പകര്‍ച്ചവ്യാധി നിയന്ത്രണവകുപ്പുദ്യോഗസ്ഥനായ ലുവോ പിങ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ തുടര്‍ന്നും ഉണ്ടാകാനിടയുള്ള രോഗസംക്രമങ്ങള്‍ക്കെതിയെയുള്ള പ്രതിരോധനടപടികള്‍ ആരംഭിച്ചതായും പിങ് അറിയിച്ചു.
Discussion about this post