തിരുവനന്തപുരം: വിഴിഞ്ഞത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം ചൊവ്വരയിലാണ് കുരിശടിക്ക് സമീപത്താണ് അഞ്ച് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുരിശടിയില്‍ വെയിലത്ത് തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്.
നാട്ടുകാരനായ യുവാവ് പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നല്കി. വെയിലത്ത് കുരിശടിയില്‍ ഉപേക്ഷിച്ച് പോയതിനാല്‍ ശരീരം ചുവന്നിരുന്നു. നേരിയ തോതില്‍ നിര്‍ജലീകരണവും സംഭവിച്ചതൊഴിച്ചാല്‍ കുഞ്ഞ് ആരോഗ്യവതിയാണ്.
കുഞ്ഞ് ജനിച്ചിട്ട് അഞ്ച് ദിവസമായിട്ടുള്ളൂ. പൊക്കിള്‍ക്കൊടിയില്‍ ക്ലിപ് ഉള്ളതിനാല്‍ ആശുപത്രിയില്‍ വെച്ച് നടന്ന പ്രസവം ആകാമെന്നാണ് നിഗമനം. കുഞ്ഞിനെ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post