കൊച്ചി: വിലക്ക് ലംഘിച്ച് പുറത്ത് കറങ്ങാന്‍ ഇറങ്ങിയ യുവാവിന് മാതൃകാപരമായി ശിക്ഷ വിധിച്ച് ജനമൈത്രി പോലീസ്. കൂട്ടുകാരോട് അനാവശ്യ കാര്യങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങരുതെന്ന് പോലീസിന് നടുവില്‍ നിന്ന്, മൊബൈല്‍ ഫോണില്‍ വിളിച്ച് ഉപദേശിക്കാനാണ് പോലീസ് നല്കിയ ശിക്ഷ. വീഡിയോ ഇതിനോടകം തന്നെ വൈറലായി.
ലോക്ഡൗണിനിടെ റോഡിലിറങ്ങിയ യുവാവിനെ എറണാകുളം കങ്ങരപ്പടി ജങ്ഷനില്‍ വെച്ചാണ് തൃക്കാക്കര സ്റ്റേഷന് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടത്. ചെയ്തത് തെറ്റാണെന്ന് സമ്മതിച്ചതോടെ ചെയ്ത തെറ്റ് തിരിച്ചറിയാനും അത് മറ്റുള്ളവര്‍ ആവര്‍ത്തിക്കാതിരിക്കാനും നല്കുന്ന ബോധവത്കരണമാകണം ശിക്ഷയെന്ന് പോലീസ് ആലോചിച്ചു.
25 പേരെ ഫോണിലൂടെ വിളിച്ച് ബോധവത്കരണം നല്‍കിയാലേ കേസെടുക്കാതെ തിരികെ വിടൂ എന്ന് പോലീസ് യുവാവിനോട് പറഞ്ഞു. അതും പോലീസിനു മുന്നില്‍ വെച്ച് ഫോണില്‍ വിളിച്ച് സ്പീക്കറിലൂടെ ബോധവത്കരണം നടത്തണം. ശേഷം യുവാവ് ശിക്ഷ നടത്തുകയും ചെയ്തു. സുഹൃത്തുക്കളെയും ബന്ധുക്കളെയും വീട്ടുകാരെയും വിളിച്ച് യുവാവ് ബോധവത്കരണം നടത്തുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.
Discussion about this post