ദുബായ്: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരെ വെട്ടികുറക്കാനും, തൊഴിലാളികളുടെ ശമ്പളത്തില്‍ മാറ്റം വരുത്താനും യുഎഇ തൊഴില്‍മന്ത്രാലയം അനുമതി നല്കി.കൊവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങളെ മറി കടക്കുന്നതിന്റെ ഭാഗമായിട്ടാണ് അനുമതി.
യുഎഇ തൊഴില്‍മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അധികമുള്ള തൊഴിലാളികളുടെ പേര് വിവരങ്ങള്‍ വെര്‍ച്ച്വല്‍ ജോബ് മാര്‍ക്കറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അവരെ ജോലിയില്‍ നിന്ന് ഒഴിവാക്കാം. ജീവനക്കാര്‍ക്ക് മറ്റിടങ്ങളില്‍ ജോലി ലഭിക്കുന്നതിനാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
അല്ലെങ്കില്‍ തൊഴില്‍ കരാറില്‍ മാറ്റം വരുത്തി ജീവക്കാരുടെ ശമ്പളം താല്കാലികമായോ, സ്ഥിരമായോ വെട്ടിച്ചുരുക്കാം.
ഇത് പരസ്പര ധാരണയുടെ അടിസ്ഥാനത്തിലായിരിക്കണം.
കൂടാതെ ശമ്പളത്തോട് കൂടിയുള്ള അവധി നല്‍കിയോ, അല്ലാതെയോ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കാം. അതെസമയം വെട്ടികുറച്ച ജീവനക്കാര്‍ രാജ്യത്ത് തുടരുന്നത് വരെയോ അവര്‍ക്ക് മറ്റൊരു ജോലി ലഭിക്കുന്നത് വരെയോ ശമ്പളം നല്ക്കുന്നില്ലെങ്കിലും അവരുടെ താമസം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കമ്പനി വഹിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
പുതിയ ഉത്തരവില്‍ നിന്ന് യുഎഇ സ്വദേശികളായ ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഉത്തരവ് ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളെ പ്രതികൂലമായി ബാധിച്ചേക്കും. ഈമാസം 26 മുതലാണ് തൊഴില്‍ മന്ത്രി നാസര്‍ താനി അല്ഹംലി പുറപ്പെടുവിച്ച ഉത്തരവ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനും, കമ്പനികള്‍ക്ക് ബിസിനസ് പുനക്രമീകരിക്കുന്നതിനും വേണ്ടിയാണ് ഈ മുന്‍കരുതല്‍ നടപടികള്‍. പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങിനെയാണ്.
1. സ്വകാര്യ മേഖലയില്‍ റിമോട്ട് വര്‍ക്ക് സിസ്റ്റം സജ്ജമാക്കാം.
2. ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കാം.
3. അവര്‍ക്ക് ശമ്പളമില്ലാത്ത അവധിയും നല്‍കാം.
4. നിശ്ചിത കാലയളവില്‍ ശമ്പളം താല്‍ക്കാലികമായി കുറയ്ക്കാം.
5. ശമ്പളം സ്ഥിരമായും വെട്ടികുറയ്ക്കാം.
Discussion about this post