തിരുവനന്തപുരം: ലോക്ക് ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ച് തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ ദിവസം ജില്ലയിലെ മത്സ്യത്തൊഴിലാളികളില്‍ ഒരു വിഭാഗം തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ പോയി മത്സ്യബന്ധനം നടത്തിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്. തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികള്‍ പൊഴിയൂരില്‍ വന്ന് മത്സ്യലേലം നടത്തുന്ന സ്ഥിതിയുണ്ടായെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച കാസര്‍കോട്ടേക്ക് ലോക്ക് ഡൗണ്‍ വ്യവസ്ഥകളെല്ലാം ലംഘിച്ചാണ് മത്സ്യത്തൊഴിലാളികള്‍ പോയതെന്നും ഇത് അനുവദിക്കാനാകില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം മത്സ്യബന്ധനത്തിന് പോയ 26 പേരെയും കണ്ടെത്തിയെന്നും അവര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങിയതായി മന്ത്രി വ്യക്തമാക്കി. ഇന്നലെ 7000 പേര്‍ക്കാണ് വീടുകളില്‍ ഭക്ഷണം എത്തിച്ചു കൊടുത്തത്. ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 10770 പേരാണ്. നിരീക്ഷണത്തിനായി 8030 സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ടെന്നും നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നുണ്ടോ, നിരീക്ഷണസംവിധാനം ലംഘിക്കുന്നുണ്ടോ എന്നെല്ലാം കര്‍ശനമായി പരിശോധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post