ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ച് നിരവധി പേരാണ് പുറത്തിറങ്ങുന്നത്. ഇപ്പോള്‍ വിലക്കിനെ മറികടന്ന് കാല്‍നടയായി യാത്ര ചെയ്തവരെ തവളച്ചാട്ടം ചാടിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് പോലീസ്. പൊരിവെയിലത്താണ് ഈ കണ്ണില്ലാത്ത ക്രൂരത.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബദൗന്‍ നഗരത്തിലാണ് സംഭവം. ഇതരസംസ്ഥാനത്ത് നിന്നു ജോലിക്കായി എത്തിയവര്‍ വീടുകളിലേക്ക് മടങ്ങിപോകാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. തോളില്‍ ഭാരം നിറച്ച ബാഗുകളും തൂക്കിയാണ് ശിക്ഷയ്ക്ക് വിധേയരാക്കിയത്.
ഇവരുടെ അഭ്യര്‍ത്ഥനകള്‍ ഒന്നും ചെവിക്കൊള്ളാത്ത പോലീസ് കൊടും ചൂടത്ത് നിരത്തിലൂടെ ചാടിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് സമീപത്ത് കൂടി വാഹനത്തില്‍ പോകുന്നവരെ പോലീസ് ശ്രദ്ധിക്കുന്നില്ലെന്നതാണ് ഏറെ ശ്രദ്ധേയം. അതേസമയം ഇതു തന്റെ അറിവോടെയല്ലെന്നും അന്വേഷിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ബദൗനിലെ പോലീസ് മേധാവി പ്രതികരിച്ചു.
‘വീഡിയോയില്‍ കാണുന്ന പൊലീസ് ഉദ്യോഗസ്ഥന് ഒരു വര്‍ഷം മാത്രം പ്രവര്‍ത്തിപരിചയമുള്ള ആളാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ മറ്റു പ്രദേശങ്ങളുടെ ചുമതലയിലായിരുന്നു. വളരെ നാണക്കേട് സൃഷ്ടിക്കുന്ന കാര്യമാണ് നടന്നത്. അതില്‍ ഖേദം പ്രകടിപ്പിക്കുന്നു. അന്വേഷിച്ച് കൃത്യമായ നടപടി സ്വീകരിക്കും’ അദ്ദേഹം പറഞ്ഞു.
Discussion about this post