ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസിന് മനുഷ്യശരീരത്തിന് പുറത്ത് ദിവസങ്ങളോളം അതിജീവിക്കാനാകുമെന്ന് പഠനം. രോഗിയുടെ സ്രവങ്ങളിലൂടെ പുറത്ത് വരുന്ന വൈറസ് സമീപ അന്തരീക്ഷത്തില്‍ മണിക്കൂറുകളോളം നില്‍ക്കുമെന്നും ‘ദ ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്’ ബുധനാഴ്ച പ്രസിദ്ധീകരിച്ച പഠനത്തില്‍ അഭിപ്രായപ്പെടുന്നു.
ചെറുവായുകണികകളില് ഈ വൈറസ് മൂന്ന് മണിക്കൂറോളം അതിജീവിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. ചെമ്പ് പ്രതലത്തില്‍ നാലു മണിക്കൂറും കാര്‍ഡ് ബോര്‍ഡ് പോലുള്ള വസ്തുക്കളില്‍ 24 മണിക്കൂറും പ്ലാസ്റ്റിക് സ്റ്റീല്‍ പോലുള്ളവയില്‍ മൂന്ന് ദിവസം വരെയും മറ്റൊരു ഇരയെ കാത്ത് ഇരിക്കാന്‍ കൊവിഡ് 19 വൈറസിനാകുന്നുണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു.
രോഗം തീവ്രമാകുന്ന അവസ്ഥയില്‍ രോഗി കൂടുതല്‍ സ്രവം പുറന്തള്ളാനുള്ള സാഹചര്യമുള്ളതിനാല്‍ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കൂടുതല്‍ കാര്യക്ഷമമായ മുന്‍കരുതലെടുക്കണമെന്ന് മുന്നറിയിപ്പുണ്ട്. ലക്ഷണങ്ങള്‍ പുറത്ത് കാണിക്കാത്ത അവസ്ഥയില്‍ പോലും ഒരാള്‍ക്ക് വൈറസ് വാഹകനാകാനും മറ്റുള്ളവരിലേക്ക് വൈറസ് പടര്‍ത്താനും കഴിയുന്നു എന്നതാണ് കൊവിഡ് 19 നെ കൂടുതല്‍ അപകടകരമാക്കുന്നത്.
രോഗവാഹകരാകാന്‍ സാധ്യതയുള്ളവര്‍ പരമാവധി മുന്‍കരുതലുകളെടുത്ത് മറ്റുള്ളവരിലേക്ക് പടരുന്നില്ലെന്ന് ഉറപ്പ് വരുത്തുകയാണ് കൂടുതല്‍ പ്രായോഗികമായ സാമൂഹ്യ പ്രതിരോധം. ലോകത്താകെ എണ്ണായിരത്തോളം പേരുടെ മരണത്തിനിടയാക്കി ഇപ്പോഴും പിടിച്ചു കെട്ടാനാവാതെ കൊറോണ വൈറസ് അതിന്റെ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പുറത്ത് വന്ന ഈ റിപ്പോര്‍ട്ട് കൂടുതല്‍ ആശങ്ക ഉണ്ടാക്കുന്നതാണ്.
Discussion about this post