കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്ന് പരിശോധിച്ച 3135 പേരില്‍ 18 പേര്‍ക്ക് കൊവിഡ് 19 രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. ഇറ്റലിയില്‍ നിന്ന് വന്ന ആറ് പേരിലും ദക്ഷിണ കൊറിയയില്‍ നിന്ന് വന്ന നാലുപേരിലുമാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഒരു മാസത്തേക്ക് ലുലു ഭക്ഷണം സ്പോണ്സര് ചെയ്തതായും കളക്ടര്‍ പറഞ്ഞു.
കൂടാതെ എറണാകുളത്ത് കൊറോണ സ്ഥിരീകരിച്ച മൂന്നുവയസുള്ള കുട്ടിയുടെ പിതാവുമായി സമ്പര്‍ക്കം നടന്ന 23 പേരെ തിരിച്ചറിഞ്ഞതായും ഇവരെ നിരീക്ഷിച്ച് വരികയാണെന്നും കളക്ടര്‍ അറിയിച്ചു. മൂന്ന് വയസുള്ള കുട്ടിയുടെ പിതാവിനെ ഐസൊലേറ്റ് ചെയ്യുന്നതില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചു. കുട്ടി ഇറ്റലിയില്‍ നിന്നും വന്ന ദിവസം റിസള്‍ട്ട് പോസിറ്റീവ് ആയിരുന്നില്ല. അതുകൊണ്ടാണ് പിതാവിനെ ആദ്യം ഐസൊലേറ്റ് ചെയ്യാതിരുന്നതെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു.
ഇനി 99 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 57 പേരുടെ സാമ്പിള്‍ ഇന്ന് പരിശോധനക്ക് അയച്ചു. 47146 പേരെ മാര്‍ച്ച് മൂന്ന് മുതല്‍ ഇതുവരെ അന്താരാഷ്ട്ര ടെര്‍മിനലില്‍ പരിശോധിച്ചതായും കളക്ടര്‍ പറഞ്ഞു. അതെസമയം ജില്ലയില്‍ ആകെ 443 പേര് നിലവില്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ടെന്നും കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ ഇന്ന് പുതിയതായി 16 പേരെക്കൂടി ആശുപത്രി നിരീക്ഷണത്തിനായി അഡ്മിറ്റ് ചെയ്തു.
Discussion about this post