ന്യൂഡല്‍ഹി: രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ജമ്മുകാശ്മീരില്‍ അറുപത്തി മൂന്ന് വയസ്സുകാരിയായ സ്ത്രീക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം നാല്പത്തി രണ്ടായി.
ആദ്യമായാണ് ജമ്മു കാശ്മീരില്‍ കൊറോണ സ്ഥിരീകരിക്കുന്നത്. ഇറാനില്‍ നിന്ന് വന്ന സ്ത്രീയിലാണ് കൊറോണ കണ്ടെത്തിയത്. ജമ്മുവില്‍ സത്ത്വാരി, സാര്‍വാള്‍ മേഖലയില്‍ 400 പേര് നിരീക്ഷണത്തിലാണ്. ഈ മേഖലയിലുളള അംഗനവാടികള്‍ മാര്‍ച്ച് 31 വരെ തുറന്നുപ്രവര്‍ത്തിക്കില്ല.
കേരളത്തില്‍ ഇന്നലെ അഞ്ച് പേരിലും ഇന്ന് മൂന്ന് വയസ്സുള്ള ഒരു കുട്ടിയിലും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ഇറ്റലിയില്‍ നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസം തമിഴനാട്ടില്‍ രണ്ടാമത് ഒരാള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്ത് കൂടുതല്‍ പേരില്‍ കൊറോണ സ്ഥിരീകരിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി. രാജ്യത്തെ തുറമുഖങ്ങളില്‍ വിദേശ ക്രൂയിസ് കപ്പലുകളെ നങ്കൂരമിടാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
ഇറ്റലി, ഇറാന്, ദക്ഷിണ കൊറിയ, ജപ്പാന് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യ സന്ദര്‍ശിക്കാന്‍ മാര്‍ച്ച് മൂന്നിലും അതിന് മുന്‍പും അനുവദിച്ച വിസകള്‍ കേന്ദ്രസര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൊറോണ വൈറസ് പരിശോധനയ്ക്കായി 57 ലാബുകള്‍ കൂടി അധികമായി സജ്ജമാക്കി. നിലവിലെ 52 ലബോറട്ടറികള്‍ക്ക് പുറമേയാണിത്.
Discussion about this post