സിനിമാ നടിമാർ പലപ്പോഴും വെളിപ്പെടുത്തുന്ന പോലെ താരങ്ങൾക്ക് മാത്രമല്ല, സിനിമാ രംഗത്തെ വനിതാ പ്രവർത്തകർക്കും പലവിധത്തിലുള്ള ചൂഷണങ്ങളും നേരിടേണ്ടി വരുന്നെന്ന വെളിപ്പെടുത്തലുമായി സംവിധായിക സുധ രാധിക.കാസ്റ്റിങ് കൗച്ച് മാത്രമല്ല സിനിമയിലെ പ്രശ്നമെന്നും വനിതാ അണിയറ പ്രവർത്തകരെ രണ്ടാം തരക്കാരായി കണ്ട് അപമാനിക്കാനും സിനിമാരംഗത്തിന് മടിയില്ലെന്നും സംവിധായിക വെളിപ്പെടുത്തുന്നു.
സിനിമ പുരുഷന് പലവിധമുള്ള സൗകര്യങ്ങളും പ്രത്യേക അധികാരങ്ങളും നൽകുമ്പോഴും ഒരു സ്ത്രീ സിനിമാ പ്രവർത്തകയെ സിനിമ അവഗണിക്കുകയാണ്. വിദേശരാജ്യങ്ങളിൽ വനിതാ ടെക്നീഷ്യന്മാർക്ക് ബഹുമാനം ലഭിക്കുമ്പോൾ ഇവിടെ അവരെ കഴിവ് കുറഞ്ഞവരായാണ് സിനിമാ പ്രവർത്തകർ കാണുന്നതെന്നും സുധ പറയുന്നു.
‘സിനിമാ നടിമാർക്ക് മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീ ടെക്നീഷ്യന്മാർക്കും ലൈംഗിക ചൂഷണത്തെ നേരിടേണ്ടതായി വരാറുണ്ട്. നടികൾക്ക് കാസ്റ്റിംഗ് കൗച്ച് ഉള്ളതുപോലെ ഒരു സംവിധായിക ചെന്ന് അഭിനയിക്കാൻ വിളിച്ചാലും കൂടെ കിടക്കാമോ എന്ന് ചോദിക്കാൻ യാതൊരു മടിയുമില്ലാത്ത ആർട്ടിസ്റ്റുകൾ, പുരുഷന്മാർ നിരവധിയുണ്ട്. നിർമ്മാതാക്കൾ ആണെങ്കിൽ കൂടി ഇതായിരിക്കും നമ്മുടെ മുമ്പിലേക്ക് ആദ്യം വയ്ക്കുന്ന കണ്ടീഷൻ. അതുകൊണ്ട് ഇതിനെ അതിജീവിക്കുകയാണ് വേണ്ടത്. സിനിമ ഒറ്റയ്ക്ക് ചെയാനാകുന്ന ഒരു കാര്യം അല്ലല്ലോ. ഒരുപാട് പേര് സഹകരിച്ചാൽ മാത്രമേ സിനിമ നിർമ്മിക്കാൻ പറ്റുകയുള്ളൂ. ഞാൻ ഈ പറഞ്ഞ എല്ലാ കഷ്ടപ്പാടുകളിലൂടെയും കടന്നുവന്ന ഒരാളാണ്’. കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ സുധ വെളിപ്പെടുത്തുന്നു.
Discussion about this post