മനാമ: ബഹ്റൈനില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നെത്തിയ ബഹ്റൈന്‍ പൗരനാണ് ആരോഗ്യമന്ത്രിലായം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളില്‍ രോഗലക്ഷണം കണ്ടു തുടങ്ങിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
കൂടുതല്‍ പരിശോധനകള്‍ക്കായി രോഗിയെ ഇബ്രാഹിം ഖലില്‍ കനോ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുകയും ചെയ്തു. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ചികിത്സ പുരോഗമിക്കുകയാണ്. രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ എത്തിയവരെ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ ഐസൊലേഷനില്‍ പ്രവേശപ്പിക്കുകയും ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വൈറസ് കൂടുതല്‍ പേരിലേക്ക് പരക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൊറോണ ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ 14 ദിവസം നിരീക്ഷിക്കുമെന്നും മന്ത്രാലയം അറിയിച്ചു. കൊറോണ ബാധ സ്ഥിരീകരിച്ച ഏതെങ്കിലും രാജ്യം സന്ദര്‍ശിക്കുകയോ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയം തോന്നുകയോ രോഗിയുമായി അടുത്തിടപഴകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ 444 എന്ന നമ്പറില്‍ ബന്ധപ്പെടുകയും നിര്ദ്ദേശങ്ങല് പാലിക്കുകയും വേണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.
Discussion about this post