പട്ന: മുസ്ലിങ്ങളെ 1947ല്‍ തന്നെ പാകിസ്താനിലേക്ക് അയക്കേണ്ടിയിരുന്നുവെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഭാരതവംശജര്‍ക്ക് ഇന്ത്യയില്‍ അഭയം ലഭിച്ചില്ലെങ്കില്‍ പിന്നെ അവര്‍ എവിടേക്ക് പോകുമെന്നും ഗിരിരാജ് സിങ് ചോദിച്ചു. പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
ബുധനാഴ്ച ബിഹാറിലെ പൂര്‍ണിയയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് ഗിരിരാജ് സിങ് ഇത്തരമൊരു വിവാദ പരാമര്‍ശം നടത്തിയത്. രാജ്യത്തിനു വേണ്ടി സ്വയംസമര്‍പ്പിക്കേണ്ട സമയമാണിതെന്നും 1947നു മുമ്പ് ജിന്ന ഇസ്ലാമിക രാഷ്ട്രത്തിനു വേണ്ടി വാദം ഉന്നയിച്ചിരുന്നുവെന്നും ഗിരിരാജ് സിങ് കൂട്ടിച്ചേര്‍ത്തു.
നാം ഇപ്പോള്‍ അനുഭവിക്കുന്നത് പൂര്‍വ്വികരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിന്റെ ഫലമാണ്. ആ സമയത്ത് മുസ്ലിം സഹോദരന്മാരെ അവിടേക്ക് അയക്കുകയും അവിടെനിന്ന് ഹിന്ദുക്കളെ ഇവിടേക്ക് കൊണ്ടുവരികയും ചെയ്തിരുന്നെങ്കില്‍ ഇത്തരമൊരു സാഹചര്യം രാജ്യത്ത് ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭാരതവംശജര്‍ക്ക് ഇവിടെ അഭയം ലഭിച്ചില്ലെങ്കില്‍ പിന്നെ അവര്‍ എവിടേക്ക് പോകുമെന്നും ഗിരിരാജ് സിങ് ചോദിച്ചു. രാജ്യത്തെങ്ങും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് വിവാദ പ്രസ്താവനയുമായി ഗിരിരാജ് സിങ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post