അഹമ്മദാബാദ്: വീണ്ടും വിവാദപരാമര്‍ശവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. വിവാഹമോചനത്തിന് കാരണം വിദ്യാഭ്യാസവും ഉയര്‍ന്ന സാമ്പത്തികാവസ്ഥയുമാണെന്ന് മോഹന്‍ ഭാഗവത് പറയുന്നു. വിദ്യാഭ്യാസവും സമ്പത്തും അഹങ്കാരമുണ്ടാകാനുള്ള കാരണങ്ങളാണ്. ഇതുമൂലമാണ് കുടുംബ ബന്ധങ്ങള്‍ തകരുന്നതെന്നാണ് നേതാവിന്റെ വാദം. ഹിന്ദു സമൂഹത്തിന് പകരംവെക്കാന്‍ പാകത്തിന് ഇന്ത്യയില്‍ മറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അഹമ്മദാബാദില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് ഭാഗവതിന്റെ വിചിത്ര വാദം. ‘സമീപകാലങ്ങളില്‍ വിവാഹ മോചനങ്ങള്‍ കൂടുന്നതായാണ് കാണാന്‍ കഴിയുന്നത്. ചെറിയ വിഷയങ്ങളില്‍ കുടുംബങ്ങളില്‍ കലഹം കൂടിവരുന്നു. വിദ്യാഭ്യാസവും സമ്പത്തുമുള്ള കുടുംബങ്ങളിലാണ് വിവാഹമോചനം കൂടുതല്‍. അവരുടെ അഹങ്കാരമാണ് അതിലേക്ക് നയിക്കുന്നത്. കുടുംബം തകര്‍ന്നാല്‍ സമൂഹവും തകരും’, മോഹന്‍ ഭാഗവത് പറയുന്നു.
2000 വര്‍ഷം പഴക്കമുള്ള പാരമ്പര്യങ്ങളുടേ മേലാണ് ഈ സമൂഹം നിലനില്‍ക്കുന്നത്. അന്നൊക്കെ സ്ത്രീകളെ വീട്ടിനുള്ളിത്തന്നെ ഇരുത്തുകയായിരുന്നു പതിവ്. അതായിരുന്നു നമ്മുടെ സമൂഹത്തിന്റെ സുവര്‍ണ കാലമെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.
Discussion about this post