ആലപ്പുഴ; സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക് മുന്നറിയിപ്പ് നല്കി മുഖ്യമന്ത്രി പിണറായി വിജയന്. ആലപ്പുഴയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. കച്ചവടം മാത്രം ലക്ഷ്യമിട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്കൂള്‍ മാനേജുമെന്റുകളെ കര്‍ശനമായി നിയന്ത്രിക്കുമെന്ന് അദ്ദേഹം തുറന്നടിച്ചു.
കൂടാതെ സര്‍ക്കാരിനെ വിരട്ടാന്‍ നോക്കേണ്ടെന്നും ശമ്പളം കൊടുക്കാന്‍ സര്‍ക്കാരിന് സാധിക്കുമെങ്കില്‍ സ്കൂളുകള്‍ വാടകയ്ക്ക് എടുത്ത് പ്രവര്‍ത്തിപ്പിക്കാനും സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമന നിയന്ത്രണത്തിനുള്ള ബജറ്റ് നിര്‍ദ്ദേശത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. മാനേജ്മെന്റുകള്‍ മൊത്തത്തില്‍ കൊള്ളരുതായ്മ കാണിക്കുന്നു എന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍;
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ബജറ്റ് നിര്‍ദ്ദേശത്തിന്റെ പേരില്‍ സ്കൂള്‍ മാനേജുമെന്റുകള്‍ സര്‍ക്കാരിനെ വിരട്ടാന്‍ വരരുത്. ശമ്പളം കൊടുക്കാന്‍ സര്‍ക്കാരിന് പറ്റുമെങ്കില്‍ സ്കൂളുകള്‍ വാടകക്ക് എടുത്ത് പ്രവര്‍ത്തിപ്പിക്കാനും ആവശ്യമെങ്കില്‍ ബുദ്ധിമുട്ടില്ല. എയ്ഡഡ് സ്കൂളുകള്‍ നടത്തികൊണ്ട് പോകാന്‍ പറ്റില്ല എന്നു ചില മാനേജ്മെന്റുകള്‍ പറയുന്നത് കേട്ടു. മാനേജ്മെന്റുകള്‍ മൊത്തത്തില്‍ കൊള്ളരുതായ്മ കാണിക്കുന്നു എന്ന അഭിപ്രായം സര്‍ക്കാരിനില്ല.
പുതിയ നിയമനങ്ങള്‍ സംബന്ധിച്ചു മാത്രമാണ് ബജറ്റ് നിര്‍ദേശം. അത് കച്ചവടം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ മാത്രം ഉദ്ദേശിച്ചാണ്. പൊതുവിദ്യാഭ്യസത്തില്‍ എയ്ഡഡ് സ്ഥാപനങ്ങളുടെ പങ്ക് ചെറുതല്ല. സര്‍ക്കാര്‍ എയ്ഡഡ് മാനേജ്മെന്റുകളെ അവിശ്വസിക്കുന്നില്ല. എന്നാല്‍ തെറ്റായ രീതിയില്‍ പോകുന്നവരെ നേരെയാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന് ഉണ്ട്.
വഴിവിട്ട് പ്രവര്‍ത്തിക്കുന്ന ചില മാനേജ്മെന്റുകള്‍ ഉണ്ട്. അവരെ തിരുത്തുന്നതിനാണ് സര്‍ക്കാര്‍ പരിശോധന വേണമെന്ന് പറയുന്നത്. പുതിയ ഡിവിഷനും തസ്തികയും സൃഷ്ടിക്കകപ്പടുമ്പോള്‍ സര്‍ക്കാര്‍ അറിയണം. ഇത്തരത്തില്‍ നിര്‍ദ്ദേശം വയ്ക്കുമ്പോള്‍ ചില മാനേജ്മെന്റുകള്‍ നടത്തുന്ന പ്രതികരണങ്ങള്‍ ശരിയാണോ എന്ന് ചിന്തിക്കണം.
Discussion about this post