ന്യൂഡല്‍ഹി: ഷഹീന്‍ബാഗില്‍ പ്രതിഷേധക്കാര്‍ക്ക് കെജ്രിവാള് സര്‍ക്കാര്‍ ബിരിയാണി വിതരണം ചെയ്യുന്നുണ്ടെന്ന ആരോപണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നരേന്ദ്രമോഡി പ്രധാനമന്ത്രിയായതുമുതല്‍ എല്ലാ തീവ്രവാദികളെയും തിരിച്ചറിഞ്ഞ് അവര്‍ക്ക് ബിരിയാണിക്ക് പകരം വെടിയുണ്ടകളാണ് നല്‍കുന്നതെന്നും യോഗി കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ പ്രതിഷേധം നടത്തുന്നവര്‍ക്ക് കെജ്രിവാള് ബിരിയാണിയാണ് വിതരണം ചെയ്യുന്നത്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ശുദ്ധമായ വെള്ളം പോലും കൊടുക്കാന്‍ കെജ്രിവാളിന് സാധിക്കുന്നില്ലെന്നും
ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വിഷമുള്ള വെള്ളമാണ് കുടിക്കാന്‍ കൊടുക്കുന്നത് എന്ന് ബിഐഎസ് സര്‍വ്വേയില്‍ പറയുന്നുണ്ടെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
കാശ്മീരില്‍ കല്ലെറിയുന്നവര്‍ പാകിസ്താനില്‍ നിന്ന് പണം കൈപറ്റിയാണ് പൊതുമുതല്‍ നശിപ്പിച്ചിരുന്നത്. കെജ്രിവാളിന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും അവരെ പിന്തുണച്ചിരുന്നു. എന്നാല്‍ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ അതെല്ലാം നിലച്ചു. അതുപോലെ പാകിസ്താന് തീവ്രവാദികളെ നമ്മുടെ പട്ടാളക്കാര്‍ നരകത്തിലേക്കയക്കും. കെജ്രിവാളും കോണ്‍ഗ്രസും അവര്‍ക്ക് ബിരിയാണിയാണ് നല്‍കിയിരുന്നതെന്നും ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നത് വെടിയുണ്ടകളാണെന്നും മറ്റൊരു റാലിയില്‍ യോഗി പറഞ്ഞു.
Discussion about this post